
യു.എസ്. ഡോളറിനെതിരേ രൂപയുടെ മൂല്യം കൂപ്പുകുത്തുന്നു. ഒരു യു.എസ്. ഡോളറിന് 77.44 രൂപയോളം ചെലവഴിക്കേണ്ട അവസ്ഥയാണുള്ളത്. ചരിത്രത്തിലെ തന്നെ രൂപയുടെ ഏറ്റവും മോശം പ്രകടനമാണിത്. കോവിഡ് വ്യാപനവും യുക്രൈൻ യുദ്ധവും അമേരിക്കയിലെ പലിശ നിരക്കിലെ വ്യത്യാസവുമാണ് രൂപയുടെ വില തകർച്ചയ്ക്ക് കാരണമായി കരുതുന്നത്.
ഉയരുന്ന കറൻറ് അക്കൗണ്ട് കമ്മി, ആഗോള ക്രൂഡ് വിലയിലെ കുതിച്ചുചാട്ടം എന്നിവയും രൂപയെ ബാധിച്ചു. കോവിഡ് കാലത്താണ് രൂപയുടെ വില തകർച്ച 70 കടക്കാൻ തുടങ്ങിയത്. രൂപയുടെ മൂല്യം കുറയുന്നതോടെ അടിസ്ഥാന സൗകര്യവികസനങ്ങൾക്കു അടക്കം എടുത്തിട്ടുള്ള വിദേശ വായ്പകളുടെ തിരിച്ചടവ് തുക വർധിക്കും.
രൂപയുടെ റെക്കോഡ് മൂല്യതകർച്ചയോടെ ഓഹരി വിപണിയിലും പ്രത്യാഘാതമുണ്ടായി. സെൻസെക്സ് 850 പോയിന്റും നിഫ്റ്റി 200 ഉം ഇടിഞ്ഞു. ഡോളർ കരുതൽ ശേഖരം 600 ബില്യനായി കുറഞ്ഞു. നാട്ടിലേക്കു പണമയക്കുന്ന പ്രവാസികൾക്ക് താൽക്കാലിക നേട്ടം ഉണ്ടാകുമെങ്കിലും രാജ്യത്തിനുള്ളിൽ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും കൂടുതൽ തുക നൽകേണ്ടി വരും.
English Summary : rupee hit all time low against us dollar