ACS Technology

News

പരിദേവനമല്ല പരിഹാരമാണ് വേണ്ടത്, ഇനി ഒരാള്‍ക്കും ഇങ്ങനെയൊരനുഭവം ഉണ്ടാവരുത്, സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കണമെന്ന് സുബിത സുകുമാർ 

Social Media

ഇത്രയും ബോള്‍ഡായ അനന്യ ആത്മഹത്യചെയ്യുമെന്ന് ഇപ്പോഴും വിശ്വസിക്കനാവുന്നില്ലെന്ന് മാധ്യമ പ്രവർത്തകയും ജീവൻ ടി വി ന്യൂസ്‌ എഡിറ്ററുമായ സുബിത സുകുമാർ. ജീവൻ ടി വിയുടെ ആഴ്ചവട്ടം പരിപാടിയിൽ വാര്‍ത്താവതാരകയാവാന്‍ താല്‍പര്യമുണ്ടെന്നറിയിച്ച് അനന്യ ഒരു ദിവസം തന്നെ വിളിക്കുകയായിരുന്നുവെന്നും വളരെ സ്ഫുടമായി തെറ്റാതെ,ബോള്‍ഡായി വാര്‍ത്ത വായിച്ച അവള്‍ക്ക് പിറ്റേദിവസം തന്നെ എം.ഡി.ബേബി മാത്യു സോമതീരത്തിന്റെ നിര്‍ദ്ദേശപ്രകാരം ട്രെയിനിങ് നല്‍കുകയായിരുന്നുവെന്നും സുബിത ഓർമിക്കുന്നു. 'അന്ന് മുതല്‍ ഇക്കഴിഞ്ഞയാഴ്ചവരെ വളരെ കൃത്യനിഷ്ഠയോടെ, ഭംഗിയായി അവള്‍ അത് അവതരിപ്പിച്ചു. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഞാന്‍ അവള്‍ക്ക് അവള്‍ വായിച്ച ആഴ്ചവട്ടത്തിന്റെ യൂട്യൂബ് ലിങ്ക് വാട്‌സ്ആപ്പില്‍ അയച്ചുകൊടുത്തത്. അതിന് മറുപടിയായി ഉമ്മള്‍കൊണ്ട് നിറച്ച മറുപടിയുമെത്തി.അതിനുശേഷം മണിക്കൂറുകള്‍ക്കകമാണ് മരണവാര്‍ത്തയെത്തിയത്. സഹിക്കാനാവുന്നില്ല..ആ രാത്രി എനിയ്ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല..'- സുബിത ഫേസ്ബുക്കിൽ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം 

അനന്യ ഒരു രക്തസാക്ഷി…

(പരിദേവനമല്ല വേണ്ടത് പരിഹാരമാണ്) നിങ്ങള്‍ക്ക് അനന്യയെ പെട്ടെന്ന് ഓര്‍മ്മവരിക ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന നിലയിലായിരിക്കും.. പക്ഷെ അവള്‍ എന്റെ പ്രോഗ്രാം-ആഴ്ചവട്ടത്തിന്റെ അവതാരകയായിരുന്നു. ആഴ്ചയിലെ പ്രധാന സംഭവങ്ങള്‍ ക്രോഡീകരിച്ച് അരമണിക്കൂര്‍ പ്രോഗ്രാമായി അവതരിപ്പിക്കുന്ന ജീവന്‍ടിവിയുടെ വാര്‍ത്താധിഷ്ഠിത പരിപാടിയാണ് ആഴ്ചവട്ടം. ഈ പ്രോഗ്രാം തന്നെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് വേണ്ടിയാണ് ജീവന്‍ ടി.വി.തുടങ്ങിയത്. അവരും സമൂഹത്തിന്റെ ഭാഗമാണെന്ന ചിന്തയില്‍ ജീവന്‍ സാരഥി ശ്രീ ബേബിമാത്യുസോമതീരവും, എക്‌സിക്യുട്ടീവ് എഡിറ്ററും, ജോയിന്റ് എം.ഡിയുമായ പി.ജെ.ആന്റണിയുടെ ആശയവും കൂടി ചേര്‍ന്നപ്പോള്‍ ആഴ്ചവട്ടം രൂപപ്പെടുകയായിരുന്നു. അതിന് പേര് നിര്‍ദ്ദേശിച്ചതും പി.ജെ സാറായിരുന്നു. കാരണമായത് ജീവന്‍ ടിവിയുടെ വാര്‍ത്താധിഷ്ഠിത ഡോക്യുമെന്ററി പരമ്പരയായ കാഴ്ചപ്പതിപ്പാണ്. സമൂഹത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് അനുഭവിക്കുന്ന വേദനകളാണ് 2016ല്‍ കാഴ്ചപ്പതിപ്പ്-ഭിന്നലിംഗക്കാരുടെ ജീവിതസമരം-എന്ന ഡോക്യുമെന്ററിയിലൂടെ ലോകത്തോട് പറഞ്ഞത്. (ആ കാഴ്ചപ്പതിപ്പിന്റെ യൂട്യൂബ് ലിങ്ക് ഇവിടെ ചേര്‍ക്കുന്നു https://www.youtube.com/watch?v=0IbQHP70J70)

എല്‍ജിബിടി-ക്കാരെ കാണുമ്പോള്‍ത്തന്നെ, പിടിച്ചുപറിക്കാര്‍, സെക്‌സ് വര്‍ക്കേഴ്‌സ് എന്നൊക്കെ പുഛത്തോടെ നോക്കുന്ന സമൂഹത്തോട് ഒരപേക്ഷ. ഇവരും മനുഷ്യരാണ്.അവരെ അകറ്റിനിര്‍ത്തരുത്. അവര്‍ ഇങ്ങനെ ജനിച്ചത് അവരുടെ കുറ്റമാണോ.. നിങ്ങള്‍ക്കുണ്ടാകുന്ന ഒരു കുഞ്ഞിനാണ് ഈ അവസ്ഥ എങ്കിലോ. ഒന്നോര്‍ത്തുനോക്കൂ. ജനിപ്പിച്ച മാതാപിതാക്കള്‍ക്ക്‌പോലും വേണ്ടാതെ, കുടുംമ്പത്തില്‍ നിന്ന് പുറംതള്ളുന്ന ഇവരെസമൂഹം എങ്ങനെകാണും എന്ന്ഊഹിക്കാവുന്നതേയുള്ളൂ..അത്രയും അരക്ഷിതാവസ്ഥ. എന്തിനധികം കിടക്കാന്‍ ഒരിടംപോലും ആരും നല്‍കില്ല. ഈക്കൂട്ടര്‍ സമൂഹത്തില്‍ ഒരിക്കലും അവഗണന നേരിടരുത് എന്ന ചിന്തയില്‍ ജീവന്‍ടിവി ആഴ്ചവട്ടം പരിപാടി തുടങ്ങിയത് 2018ലാണ്. (അതിന് ശേഷമാണ് ഞാന്‍ മേരിക്കുട്ടി എന്ന ജയസൂര്യ നായകനായ സിനിമപോലും ഇറങ്ങുന്നത്.). ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് വാര്‍ത്താവായനയ്ക്ക് അവസരം നല്‍കിയ ചാനലാണ് ജിവന്‍ ടി.വി. ഇതേത്തുടര്‍ന്ന് നാഷണല്‍ ചാനല്‍പ്രതിനിധികള്‍വരെ അവതാരകരേയും, അണിയറക്കാരേയും തേടി ജീവനിലെത്തി. പിന്നീട് മെട്രോയിലടക്കം നിരവധി തൊഴിലവസരങ്ങള്‍ അവതാരകരായ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ലഭിച്ചു. എല്ലാ ഞായറാഴ്ചകളിലും ഉച്ചയ്ക്ക് 1.30 നാണ് ഞാന്‍ ആഴ്ചവട്ടം തയ്യാറാക്കി പ്രൊഡ്യൂസ് ചെയ്യുന്നത്. 2018 മുതല്‍ ഇന്ന് വരെ മുടങ്ങാതെ സംപ്രേഷണം തുടരുന്നു. ചാനലിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട്തന്നെ നല്ലവേതനവും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് നല്‍കുന്നുണ്ട്. വേതനത്തിലുപരി അവര്‍ക്ക് സമൂഹത്തില്‍ ലഭിക്കുന്ന അംഗീകാരമാണ് പ്രധാനം. അവര്‍തന്നെ അത് പലവേദികളിലും പറഞ്ഞിട്ടുണ്ട്.

(ആദ്യട്രാന്‍സ്‌ജെന്‍ഡര്‍ വാര്‍ത്താവതാരക ആയിഷ, സ്വീറ്റി ബെര്‍ണാഡ്,അനന്യ,ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വാര്‍ത്താവതാരകന്‍ ഹൃദിക്.എം.

പിന്നീട് ആയിഷ പലജോലിത്തിരക്കിനിടയില്‍പെട്ടു.. ഇപ്പോള്‍ മറ്റ് മൂന്ന്‌പേര്‍ ജോലിചെയ്തുവരുന്നു.)

ഇനി അനന്യ ഇല്ല..

ആഴ്ചവട്ടത്തില്‍ വാര്‍ത്താവതാരകയാവാന്‍ താല്‍പര്യമുണ്ടെന്നറിയിച്ച് അനന്യ ഒരു ദിവസം എന്നെ വിളിക്കുകയായിരുന്നു. വളരെ സ്പുടമായി, തെറ്റാതെ, ബോള്‍ഡായി വാര്‍ത്ത വായിച്ച അവള്‍ക്ക് പിറ്റേദിവസം തന്നെ എം.ഡി.ബേബി മാത്യു സോമതീരത്തിന്റെ നിര്‍ദ്ദേശപ്രകാരം ട്രയിനിങ് നല്‍കുകയായിരുന്നു. അന്ന് മുതല്‍ ഇക്കഴിഞ്ഞയാഴ്ചവരെ വളരെ കൃത്യനിഷ്ഠയോടെ, ഭംഗിയായി അവള്‍ അത് അവതരിപ്പിച്ചു.

(അനന്യ അവസാനമായി ജീവന്‍ ടിവിയില്‍ അവതരിപ്പിച്ച ആഴ്ചവട്ടം-

https://www.youtube.com/watch?v=1xqG4AXqaWg)

ജീവിതത്തിലെ ദുഖങ്ങള്‍, സന്തോഷങ്ങള്‍ പലപ്പോഴായി ഇവിടെ വരുമ്പോള്‍ പങ്ക് വച്ചു. ശസ്ത്രക്രിയയ്ക്കുശേഷം ഒന്ന് തുമ്മാന്‍ പോലുമാവുന്നില്ല എന്ന് പറഞ്ഞ് ഒരുദിവസം വല്ലാതെ കരഞ്ഞു. ആശ്വസിപ്പിക്കാനല്ലാതെ എന്തുചെയ്യാന്‍. പക്ഷെ ഇത്രയും ബോള്‍ഡായ അനന്യ ആത്മഹത്യചെയ്യുമെന്ന് ഇപ്പോഴും എനിയ്ക്ക് വിശ്വസിക്കനാവുന്നില്ല. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഞാന്‍ അവള്‍ക്ക് അവള്‍ വായിച്ച ആഴ്ചവട്ടത്തിന്റെ യൂട്യൂബ് ലിങ്ക് വാട്‌സ്ആപ്പില്‍ അയച്ചുകൊടുത്തത്. അതിന് മറുപടിയായി ഉമ്മള്‍കൊണ്ട് നിറച്ച മറുപടിയുമെത്തി. അതിനുശേഷം മണിക്കൂറുകള്‍ക്കകമാണ് മരണവാര്‍ത്തയെത്തിയത്. സഹിക്കാനാവുന്നില്ല.. ആ രാത്രി എനിയ്ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല..

സര്‍ക്കാരിനോട്…

ഇനി ഒരാള്‍ക്കും ഇങ്ങനെയൊരനുഭവം ഉണ്ടാവരുത്. പരിദേവനമല്ല വേണ്ടത് ശാശ്വത പരിഹാരമാണ്.

1.സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. എല്ലാ മെഡിക്കല്‍ കോളേജുകളിലും, ഇക്കൂട്ടര്‍ക്ക് ശസ്ത്രക്രിയയ്ക്കായ് സൗകര്യം ഒരുക്കണം. സൗജന്യമായി..

2. ഐഡന്റിറ്റി കാര്‍ഡ് നല്‍കണം. പോലീസിന്റെ അതിക്രമങ്ങളില്‍ നിന്നും, ചൂഷണങ്ങളില്‍ നിന്നും ഇവര്‍ക്ക് സംരക്ഷണം ഉറപ്പ് വരുത്തണം.

3.മാനസീകമായും, ശാരീരികമായും, ഇവര്‍ക്കെതിരായുണ്ടാകുന്ന അതിക്രമങ്ങള്‍, സ്ത്രീപീഡനനിയമം പോലെ ഒരു പ്രത്യേകനിയമമുണ്ടാക്കി ഇക്കൂട്ടരുടെ സുരക്ഷയ്ക്കായ് ഒരുക്കണം.

English Summary : Sabitha sukumar's fb post about ananhya kumari alexRelated News

Other News


Trending

View all

LATEST STORIES FROM Kerala Voter