
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടിയാണ് സംയുക്ത വർമ. അതേ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്. വിവാഹത്തോടെ അഭിനയരംഗത്തുനിന്ന് വിട്ടുനിന്ന താരത്തിന്റെ തിരിച്ചു വരവിനായി മലയാളികൾ കാത്തിരിക്കുകയാണ്.
2009ൽ പുറത്തുവന്ന ഹരിഹരൻ-മമ്മൂട്ടി ചിത്രം പഴശ്ശിരാജയിൽ കനിഹ അവതരിപ്പിച്ച നായിക വേഷം ചെയ്യാൻ ആദ്യം സമീപിച്ചത് സംയുക്ത വർമയെയായിരുന്നു പക്ഷെ ആ റോൾ അന്ന് സംയുക്ത നിരസിച്ചു. ആ റോൾ ഉപേക്ഷിക്കാനുള്ള കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് താരമിപ്പോൾ. ഏറെ നാളുകൾക്ക് ശേഷം ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് സംയുക്ത ഇക്കാര്യം വ്യക്തമാക്കിയത്.
'അന്ന് മകൻ വളരെ ചെറുതായിരുന്നു, ആ സമയത്ത് ഞാൻ എന്റെ മദർഹുഡ് ആസ്വദിക്കുകയായിരുന്നു. അന്നങ്ങനെ അഭിനയിക്കാൻ ഒന്നും തോന്നിയില്ല അതുകൊണ്ടാണ് ആ റോൾ ചെയ്യാതെ ഇരുന്നത്'; സംയുക്ത പറയുന്നു.
സിനിമയിൽ സജീവമല്ലെങ്കിൽ പോലും യോഗാ പഠനവും അഭ്യസിപ്പിക്കലുമൊക്കെയായി ഇപ്പോഴും സജീവമാണ് താരം. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാവാറുമുണ്ട്. സ്ക്രിപ്റ്റുകളും സജഷനുകളുമൊക്കെ വരാറുണ്ടെന്നും, പക്ഷേ സീരിയസ് ആയിട്ടൊന്നും ആലോചിച്ചിട്ടില്ലന്നുമാണ് സിനിമയിലേക്കുള്ള തിരിച്ചു വരവിനെ പറ്റിയുള്ള ചോദ്യത്തിന് സംയുക്ത മറുപടി പറഞ്ഞത്.
English Summary : samyuktha varma says that why she denied the role in pazhassi raja
Tags : samyuktha varma role pazhassi raja