
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഈജിപ്റ്റ് സന്ദർശനം ആരംഭിച്ചു. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദെൽ ഫത്താ എൽ സിസി എംബിഎസിനെ വിമാനത്താവളത്തിൽ സ്വീകരിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ അടുത്ത മാസത്തെ സൗദി സന്ദർശനത്തിന് മുന്നോടിയായാണ് എംബിഎസിന്റെ ഈജിപ്റ്റ് സന്ദർശനം.
ഈജിപ്റ്റിനെ പ്രതിസന്ധി ഘട്ടത്തിലെല്ലാം സാമ്പത്തികമായി സഹായിക്കുന്ന സൗദിയുടെ കിരീടാവകാശിയെ ഈജിപ്ഷ്യൻ പ്രസിഡന്റ് നേരിട്ടെത്തിയാണ് വരവേറ്റത്. പിന്നീട് കെയ്റോയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ മുഹമ്മദ് ബിൻ സൽമാനും അബ്ദെൽ ഫത്താ എൽസിസിയുമായി ചർച്ചനടത്തി. മേഖലയെ സംബന്ധിച്ചും രാജ്യാന്തരവിഷയങ്ങളെ സംബന്ധിച്ചും ചർച്ചകളുണ്ടായി. ഈജിപ്റ്റിന് ശേഷം എംബിഎസ് ജോർദാനിലേക്ക് പുറപ്പെടും.
അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനത്തിന് മുന്നോടിയായി മേഖലയിലെ വിഷയങ്ങൾ സംബന്ധിച്ച് പരസ്പര ധാരണയിലെത്താനാണ് ഈജിപ്റ്റ് ജോർദാൻ സന്ദർശനങ്ങളിലൂടെ എംബിഎസ് ലക്ഷ്യമിടുന്നത്. സൗദിയുമായി ഏറെനാളായി സ്വരച്ചേർച്ചയിൽ അല്ലാതിരിക്കുന്ന തുർക്കിയിലും എംബിഎസ് സന്ദർശനം നടത്തുന്നുണ്ട്. മുസ്ലീം ലോകത്തിന്റെ നേതൃത്വം ആർക്കെന്നതു സംബന്ധിച്ച നിർണായക വഴിത്തിരിവ് ഈ സന്ദർശത്തിനുലൂടെ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
English Summary : Saudi crown prince arrives in Egypt ahead of Jordan, Turkey visits
Tags : saudi crown prince egypt jordhan turkey