'ഫോട്ടോഷൂട്ടിന് വിവാഹം വരെ കാത്തിരിക്കാനൊന്നും പറ്റില്ല'; സോളോ വിവാഹം ആഘോഷിച്ച് ജാപ്പനീസ് പെൺകുട്ടികൾ

  1. Home
  2. Fashion & Beauty

'ഫോട്ടോഷൂട്ടിന് വിവാഹം വരെ കാത്തിരിക്കാനൊന്നും പറ്റില്ല'; സോളോ വിവാഹം ആഘോഷിച്ച് ജാപ്പനീസ് പെൺകുട്ടികൾ

'ഫോട്ടോഷൂട്ടിന് വിവാഹം വരെ കാത്തിരിക്കാനൊന്നും പറ്റില്ല'; സോളോ വിവാഹം ആഘോഷിച്ച് ജാപ്പനീസ് പെൺകുട്ടികൾ


Lifestyle

വിവാഹത്തിന് പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട് മുതലുള്ള ഓരോ സന്ദർഭങ്ങളും എങ്ങനെ മനോഹരമാക്കാമെന്ന് ഓരോരുത്തർക്കും സങ്കല്പമുണ്ടാവും. എന്നാൽ, വിവാഹഫോട്ടോകൾ പകർത്താൻ വിവാഹംവരെ കാത്തിരിക്കാനൊന്നും തങ്ങളെ കിട്ടില്ലെന്ന് പറയുകയാണ് ജപ്പാനിലെ പെൺകുട്ടികൾ. തത്കാലം സോളോ വെഡ്ഡിങ് മതിയെന്നാണ് മിക്കവരുടെയും തീരുമാനം. 

ജപ്പാനിൽ കുറച്ചുവർഷങ്ങളായി വ്യാപകമായി കണ്ടുവരുന്ന ട്രൻഡാണിത്. അതായത് വിവാഹമോ വരനോ ഇല്ലാതെ വിവാഹവേഷമണിഞ്ഞ് രസകരമായ ഫോട്ടോകൾ പകർത്തി ആനന്ദം കണ്ടെത്തുക എന്നതാണ് പുത്തൻ രീതി. വിവാഹം വേണോ വേണ്ടയോ എന്നൊക്കെ പിന്നീടു തീരുമാനിക്കാം എന്നാണ് പെൺകുട്ടികൾ പറയുന്നത്. ഇനിയിപ്പോ വിവാഹം കഴിച്ചില്ലെങ്കിലും ഫോട്ടോഷൂട്ട് നിർബന്ധം. 

സോളോ വെഡ്ഡിങ്ങിന് പ്രത്യേകിച്ച് പ്രയപരിധിയുമില്ലെന്നതാണ് മറ്റൊരു കാര്യം. വിവിധ കമ്പനികൾ ഓഫർചെയ്യുന്ന സോളോ വെഡ്ഡിങ് പാക്കേജുകൾ സ്വന്തമാക്കുന്നവരിൽ യുവാക്കൾ മുതൽ 60 വയസ്സുകഴിഞ്ഞ സ്ത്രീകൾ വരെയുണ്ട്. വിവാഹമോചിതരും വിവാഹവേളയിൽ ഒരു നല്ല ചിത്രമെടുക്കാൻ കഴിയാതെ പോയവരും ഇക്കൂട്ടത്തിലുണ്ട്. 

വിവാഹത്തിനുമുമ്പ് വിവാഹവസ്ത്രമണിഞ്ഞാൽ വിവാഹം വൈകുമെന്നൊരു വിശ്വാസം ജപ്പാനിലുണ്ട്. എന്നാലിപ്പോൾ അന്ധവിശ്വാസങ്ങളൊക്കെ മാറ്റിവെച്ച് കൂടുതൽ പേർ ഈ രംഗത്തേക്ക് കടന്നുവരികയാണ്. മൂന്നു കൊല്ലത്തോളമായി സോളോ വെഡ്ഡിങ്ങിനുവേണ്ടി മാത്രം പ്രവർത്തിക്കുന്ന സ്റ്റുഡിയോകൾ വരെ രാജ്യത്തുണ്ട്. സോളോ വിവാഹത്തിന് ആളുകളെ ക്ഷണിക്കുന്നവരും കുറവല്ല.

രാജ്യത്ത് വിവാഹങ്ങളുടെ എണ്ണം കുറഞ്ഞുവരികയാണിപ്പോൾ. 25 വയസ്സുകഴിഞ്ഞിട്ടും വിവാഹിതരാവാത്ത പെൺകുട്ടികളെ ഒരുകാലത്ത് ക്രിസ്മസ് കേക്ക് എന്നുവിളിച്ച് കളിയാക്കിയിരുന്ന കാലം ജപ്പാനിൽ മാറി. പരമ്പരാഗതവഴികളിൽ നിന്നുമാറി സ്ത്രീകൾ വിവാഹത്തേക്കാൾ കൂടുതൽ പ്രൊഫഷനാണിപ്പോൾ പ്രാധാന്യം കൊടുക്കുന്നത്. 1990-കളിൽ 50 വയസ്സായിട്ടും വിവാഹിതരാവാത്ത 20-ൽ ഒരു സ്ത്രീയേ ജപ്പാനിലുണ്ടായിരുന്നുള്ളൂ. 2015-ലെ സർക്കാരിന്റെ സെൻസസ് പ്രകാരം ഇപ്പോഴത് ഏഴാണ്.

English Summary : solo wedding and wedding photoshoot trend growing in japan