ACS Technology

News

ചിലത് വസ്തുതാ വിരുദ്ധം; തലൈവിയിലെ രംഗങ്ങൾ മാറ്റണമെന്ന് അണ്ണാ ഡി.എം.കെ

Entertainment

അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം അടിസ്ഥാനമാക്കി നിർമ്മിച്ച തലൈവി സിനിമയിലെ ചില രംഗങ്ങൾ മാറ്റണമെന്ന് അണ്ണാ ഡി.എം.കെ. ചിത്രം മികച്ച രീതിയിൽ വന്നെങ്കിലും ചില രംഗങ്ങൾ വസ്തുതാ വിരുദ്ധമാണെന്നാണ് അണ്ണാ ഡി.എം.കെ പറയുന്നത്. മുതിർന്ന അണ്ണാ ഡി.എം.കെ നേതാവ് ഡി. ജയകുമാറാണ് ആവശ്യമുന്നയിച്ച് രംഗത്ത് എത്തിയത്. ചിത്രത്തിൽ എം.ജി.ആറിനെ കുറിച്ച് വരുന്ന പരാമർശങ്ങളിൽ ചിലതിനെതിരെയാണ് ജയകുമാർ രംഗത്ത് എത്തിയത്.

ആദ്യ ഡി.എം.കെ സർക്കാരിൽ എം.ജി.ആർ മന്ത്രിയാവണമെന്ന് പറഞ്ഞെങ്കിലും കരുണാനിധി ആവശ്യം തള്ളിയെന്നത് തെറ്റാണെന്നാണ് ജയകുമാർ പറയുന്നത്. അണ്ണാദുരൈയുടെ മരണശേഷം രാമചന്ദ്രൻ മന്ത്രിസ്ഥാനം തേടിയതുപോലെയാണ് സിനിമ ചിത്രീകരിച്ചതെന്ന് ജയകുമാർ പറഞ്ഞു. സത്യത്തിൽ അണ്ണാദുരൈയുടെ മരണശേഷം കരുണാനിധിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ നിർദ്ദേശിച്ചത് എം.ജി.ആറാണെന്നും അദ്ദേഹം പറഞ്ഞു. ജയലളിത എം.ജി.ആറിന്റെ അനുമതിയില്ലാതെ അന്തരിച്ച പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുമായും രാജീവ് ഗാന്ധിയുമായും ചർച്ച നടത്തിയെന്ന് സിനിമ പറയുന്നു. ഇത് എം.ജി.ആറിനെ ചെറുതാക്കി കാണിക്കുന്നതിന് സമാനമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സിനിമയിലെ മറ്റുഭാഗങ്ങൾ മികച്ചതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കങ്കണ റണാവത്ത്, അരവിന്ദ് സ്വാമി, നാസർ തുടങ്ങിയവർ അഭിനയിച്ച 'തലൈവി' കഴിഞ്ഞ ദിവസമാണ് തമിഴ്നാട്ടിൽ റിലീസ് ചെയ്തത്. ജയലളിതയുടെ പതിനാറ് വയസ്സുമുതലുള്ള ജീവിതവും വ്യക്തിജീവിതവും രാഷ്ട്രീയ പ്രവേശനവുമാണ് എ.എൽ. വിജയ് സംവിധാനം ചെയ്ത ചിത്രത്തിന്റെ പശ്ചാത്തലം. തമിഴിന് പുറമെ ഹിന്ദിയിലും തെലുങ്കിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് കെ.വി. വിജയേന്ദ്രപ്രസാദും രജത് അരോറയും ചേർന്നാണ്.

English Summary : some are factually incorrect aiadmk demands change in kangana ranaut's thalaivi movie



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter