ACS Technology

News

ഉത്തരവാദിത്തം കാണിക്കണം; തോൽവിക്ക് പിന്നാലെ സഞ്ജുവിനെതിരെ പൊട്ടിത്തെറിച്ച് ഗവാസ്‌കർ

Sports

ഐ.പി.എല്ലിൽ ദൽഹിക്കെതിരായ കഴിഞ്ഞ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ നയിച്ച രാജസ്ഥാൻ റോയൽസ് പരാജയപ്പെട്ടിരുന്നു. പ്ലേ ഓഫിലേക്ക് പ്രവേശിക്കാൻ ഒരു ജയം മാത്രം മതിയെന്നിരിക്കെ ടീമിൽ നടത്തിയ പരീക്ഷണങ്ങളാണ് ടീമിനെ തോൽവിയിലേക്ക് തള്ളിയിട്ടത്. ഹാർഡ് ഹിറ്റർ ഷിംറോൺ ഹെറ്റ്മെയർ ടീമിനൊപ്പമില്ലാതിരുന്നതും രാജസ്ഥാനെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ബാറ്റിംഗ് ഓർഡറിൽ പരീക്ഷണങ്ങൾ നടത്തിതും തോൽവി ചോദിച്ചു വാങ്ങിയതും. 

തോൽവിക്ക് പിന്നാലെ ക്യാപ്റ്റൻ സഞ്ജുവിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ. സഞ്ജു ഉത്തരവാദിത്തത്തോടെ കളിക്കണമെന്നായിരുന്നു താരത്തിന്റെ വിമർശനം. ബാറ്റിംഗ് നിരയിൽ മൂന്നാമനായി ഇറങ്ങുന്നതിന് പകരം അഞ്ചാമനായിട്ടായിരുന്നു സഞ്ജു ഇറങ്ങിയത്. ഇതോടെയാണ് താരം ഉത്തരവാദിത്തത്തിൽ നിന്നും പിൻവലിഞ്ഞെത്തുള്ള വിമർശനവുമായി ഗവാസ്‌കർ രംഗത്തെത്തിയത്.

'മികച്ച ഹിറ്റർ തന്നെയാണ് സഞ്ജു സാംസൺ. എന്നാൽ ബാറ്റിംഗിൽ ഓർഡറിൽ താഴേക്കിറങ്ങിയത് ഒട്ടും ഗുണം ചെയ്തില്ല. നാലാം നമ്പർ ബാറ്ററാണെങ്കിൽ മൂന്നാമനായോ നാലാമനായോ ഇറങ്ങണം. താരം ഉത്തരവാദിത്തം ഏറ്റെടുത്ത് ബാറ്റ് ചെയ്യണമായിരുന്നു. ഇപ്പോഴെന്ത് സംഭവിച്ചു എന്ന് മാത്രം നോക്കുക. ടീമിന് മികച്ച തുടക്കം ലഭിക്കാഞ്ഞതിന് പിന്നാലെ സഞ്ജു വിക്കറ്റ് വലിച്ചെറിയുകയായിരുന്നു,' ഗവാസ്‌കർ പറയുന്നു. 8 വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ പരാജയം. ഓപ്പണർമാരായ ജോസ് ബട്ലറും യശസ്വി ജെയ്സ്വാളും നിറം മങ്ങിയതു മുതൽ തന്നെ മത്സരം രാജസ്ഥാന് അനുകൂലമാവില്ല എന്ന സൂചനകൾ ലഭിച്ചിരുന്നു. പിന്നാലെ വൺഡൗണായി അശ്വിനെ ബാറ്റിംഗിനയച്ചതുമുതൽ ടീം പരീക്ഷണം തുടങ്ങിയരുന്നു. അശ്വിൻ മൂന്നാമനായും പടിക്കൽ നാലാമനായും ഇറങ്ങിയ ശേഷം അഞ്ചാമനായിട്ടായിരുന്നു സഞ്ജു ക്രീസിലെത്തിയത്. ഇതൊരു മോശം തന്ത്രമാണെന്ന് അടിവരയിടുന്നതായിരുന്നു മത്സരം.

അശ്വിനും പടിക്കലും മികച്ച രീതിയിൽ തന്നെ സ്‌കോർ ഉയർത്തിയെങ്കിലും കാര്യമുണ്ടായിരുന്നില്ല. സമ്മർദ്ദത്തിനടിമപ്പെട്ട് സഞ്ജു വിക്കറ്റ് വലിച്ചെറിയുകയും ചെയ്തതോടെ എല്ലാം പൂർണമായി. മറുപടി ബാറ്റിംഗിനിറങ്ങിയ ക്യാപിറ്റൽസ് അനായസ ജയം സ്വന്തമാക്കുകയായിരുന്നു. രാജസ്ഥാൻ ഉയർത്തിയ 161 റൺസിന്റെ വിജയലക്ഷ്യം 11 പന്തും 8 വിക്കറ്റും ബാക്കി നിൽക്കെ ക്യാപ്പിറ്റൽസ് മറികടക്കുകയായിരുന്നു. മിച്ചൽ മാർഷും ഡേവിഡ് വാർണറുമാണ് റോയൽസിനെ അടിച്ചില്ലാതാക്കിയത്. മാർഷ് 62 പന്തിൽ നിന്ന് 89 റൺസും വാർണർ 41 പന്തിൽ നിന്ന് 52 റൺസും സ്വന്തമാക്കി. ഇതോടെയാണ് ക്യാപ്പിറ്റൽസ് തങ്ങളുടെ ആറാം ജയം സ്വന്തമാക്കിയത്.

English Summary : former indian star sunil gavaskar against sanju samson rajasthan royals



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter