ACS Technology

News

വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ഇരുപത് വർഷം; താലിബാൻ സർക്കാരിന്റെ സത്യപ്രതിജ്ഞ നാളെയെന്ന് റിപ്പോർട്ടുകൾ

Latest

അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ഇരുപത് വർഷം തികയുന്ന സെപ്തംബർ 11ന് (9/11)  അഫ്ഗാനിൽ താലിബാൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്ന് റിപ്പോർട്ടുകൾ. താലിബാൻ സർക്കാരിനെ അംഗീകരിക്കുന്നതിൽ രാജ്യങ്ങൾ ഇപ്പോഴും തയ്യാറായിട്ടില്ലെങ്കിലും സർക്കാർ രൂപവത്കരണ ചടങ്ങിലേക്ക് റഷ്യ, ചൈന, തുർക്കി, ഇറാൻ, പാകിസ്താൻ എന്നീ രാജ്യങ്ങളെ താലിബാൻ ക്ഷണിച്ചതായും റിപ്പോർട്ടുകളുണ്ട്.

അഫ്ഗാനിസ്ഥാനിൽ മുല്ല മുഹമ്മദ് ഹസ്സൻ അഖുണ്ടിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ അഖുണ്ട് ഉൾപ്പടെ മന്ത്രിസഭയിലെ അഞ്ച് അംഗങ്ങളെങ്കിലും ഐക്യരാഷ്ട്രസഭയുടെ ഉപരോധ പട്ടികയിലുള്ളവരാണ്. അമേരിക്കയുടെ ഉപരോധ പട്ടികയിലെ ഭീകരരിൽ ഒരാളായ സിറാജുദ്ദീൻ ഹഖാനിയെ ആഭ്യന്തര മന്ത്രിയായി നിയമിച്ചതായി താലിബാൻ പ്രഖ്യാപിച്ചിരുന്നു.

'അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഞങ്ങളെ കൈകാര്യംചെയ്യുന്ന രീതി സംബന്ധിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ട്. അമേരിക്കയെ മുറിപ്പെടുത്താനോ നാണംകെടുത്താനോ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, പക്ഷേ ഞങ്ങൾക്കിത് ഒരു വലിയ ദിവസമാണ്. ഞങ്ങളുടെ ആഭ്യന്തര മന്ത്രി അവരുടെ ആഗോള ഭീകര പട്ടികയിലുള്ളത് ഞങ്ങൾക്കും അപമാനകരമാണ്', ഒരു താലിബാൻ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.

അന്താരാഷ്ട്ര സമൂഹവും അമേരിക്കയും പ്രതീക്ഷിച്ചതുപോലുള്ള ഒരു ഭരണകൂടമല്ല ഇപ്പോഴത്തെ താലിബാൻ ഇടക്കാല സർക്കാരെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പ്രതികരിച്ചിരുന്നു. എന്നാൽ ചൈന താലിബാൻ സർക്കാരിനെ അംഗീകരിക്കുകയും പുതിയ ഭരണകൂടവുമായി ആശയവിനിമയം നടത്താൻ തയ്യാറാണെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.

അതേസമയം താലിബാനുമായി ലോകം ചർച്ച നടത്തണമെന്നും ദശലക്ഷക്കണക്കിന് മരണങ്ങൾ ഒഴിവാക്കണമെന്നും താലിബാൻ സർക്കാരിന് സാധ്യമായ അംഗീകാരം നൽകണമെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് നേരത്തെ പറഞ്ഞിരുന്നു.

English Summary : taliban to hold oath taking ceremony on 9/11 anniversary report



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter