ACS Technology

News

കോൺഗ്രസിലേക്കുമില്ല, സിപിഎമ്മിലേക്കുമില്ല; ചർച്ചയുടെ വാതിൽ ഇരുകൂട്ടർക്കുമായി തുറന്നിട്ടിരിക്കുകയാണ്; ചെറിയാൻ ഫിലിപ്പ് 

Politics

കോൺഗ്രസിലേക്കോ സിപിഎമ്മിലേക്കോ പോകാൻ തീരുമാനിച്ചിട്ടില്ലെന്നും എന്നാൽ ചർച്ചയുടെ വാതിലുകൾ ഇരുകൂട്ടർക്കുമായി തുറന്നിട്ടിരിക്കുകയാണെന്നും ഇടത് സഹയാത്രികനായ ചെറിയാൻ ഫിലിപ്പ്. ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിടാനുളള കാരണം താനാണെന്ന് കഴിഞ്ഞ ദിവസം ഉമ്മൻചാണ്ടി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങളുണ്ടായത്. എന്നാൽ ഇതെല്ലാം ഊഹാപോഹങ്ങൾ മാത്രമാണെന്നും കോൺഗ്രസിലേക്ക് പോകാൻ താൻ തീരുമാനിച്ചിട്ടില്ലെന്നും ചെറിയാൻ ഫിലിപ്പ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 

താൻ കോൺഗ്രസ് വിടാൻ കാരണം ഉമ്മൻചാണ്ടിയാണെന്ന് സമ്മതിച്ച് അദ്ദേഹം ഖേദം പ്രകടിപ്പിച്ചെങ്കിലും തന്നെ കോൺഗ്രസിലേക്ക് ക്ഷണിച്ചില്ലല്ലോ. താൻ കോൺഗ്രസിലേക്ക് പോകുമെന്ന് പറഞ്ഞിട്ടുമില്ല. ഉമ്മൻചാണ്ടി അന്നും ഇന്നും എന്റെ രക്ഷകർത്താവാണെന്ന് തോന്നിക്കുന്ന പോലെയാണ് തന്നോട് സംസാരിച്ചത്.ഉമ്മൻ ചാണ്ടി കോൺഗ്രസിലെ പ്രധാന നേതാവാണ്. അതുപോലെ പ്രധാന നേതാക്കൾ ഒരുപാടുണ്ടല്ലോ. ഒരു പാർട്ടി തീരുമാനം എല്ലാവരും കൂടി ഒരുമിച്ച് സ്വീകരിക്കേണ്ടതാണ്. അതൊക്കെ അവരാണ് ആദ്യം ആലോചിക്കേണ്ടത്. അതിന് ശേഷം എന്റെ സമ്മതം വാങ്ങണം. അങ്ങനെ പല ഘടകങ്ങളുണ്ട്. അവർ കൂട്ടായി ചർച്ച ചെയ്ത് ക്ഷണിച്ചാൽ മാത്രമല്ലെ അക്കാര്യത്തിൽ പ്രതികരിക്കേണ്ടതുള്ളു. അവർ ക്ഷണിക്കുകയാണെങ്കിൽ അപ്പോൾ ആലോചിക്കാം. അതുപോലെ ഇടതുപക്ഷത്തുനിന്ന് ക്ഷണം വന്നാലും അവരുമായി ചർച്ച ചെയ്യും. ഒരു ചർച്ചക്കുള്ള വാതിൽ എല്ലാവർക്കും മുമ്പിൽ തുറന്നിട്ടിരിക്കുകയാണ് - ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി. 

ഇടത് സഹയാത്ര ഞാൻ മതിയാക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ല. ഇടത് പക്ഷത്ത് തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനും സിപിഎമ്മുമാണ്. ഞങ്ങൾ രണ്ടുപേരും ഇക്കാര്യത്തിൽ ഒന്നും പറഞ്ഞിട്ടില്ല. സാങ്കേതികമായി ഇപ്പോഴും ഇടത് സഹയാത്രികനാണ്. ഞാൻ അതിൽ നിന്നും വിട്ടുപോയിട്ടുമില്ല. എന്നെ ഇതുവരെ കോൺഗ്രസ് പുറത്താക്കിയിട്ടില്ല. ഞാൻ സിപിഎമ്മിൽ ചേർന്നിട്ടുമില്ല. 20 വർഷമായി ഞാൻ കോൺഗ്രസുമല്ല സിപിഎമ്മുമല്ല. ഇപ്പോൾ ഒന്നിലേക്ക് പോകാനും ആഗ്രഹിക്കുന്നില്ല. ഇപ്പോൾ ഞാനൊരു ചരിത്ര രചനിയിലാണ്. 1981 മുതൽ 2001 വരെയുള്ള 40 വർഷത്തെ കേരള രാഷ്ട്രീയത്തെപ്പറ്റിയുള്ള നിഷ്പക്ഷമായ വിലയിരുത്തലാണ് പുസ്തകം. രണ്ടു വർഷമെങ്കിലും അതിന് വേണ്ടിവരും. മുമ്പ് എഴുതിയ കാൽനൂറ്റാണ്ട് എന്ന പുസ്തകത്തിന്റെ അതേ മാതൃകയിലുള്ള രചനയായിരിക്കും. പഴയതുപോലെ ഇപ്പോൾ ഓടി നടന്ന് ആളുകളെ കാണാൻ സാധിക്കില്ല. കോവിഡിന്റെ വ്യാപനമുള്ളതിനാൽ ആളുകൾ വീടുകളിൽ കഴിയാനാണ് താത്പര്യപ്പെടുന്നത്. അതുകൊണ്ട് തന്നെ ഗവേഷണങ്ങളൊക്കെ മന്ദഗതിയിലാണ്. അതുകൊണ്ടാണ് ഖാദി ബോർഡിലെ സ്ഥാനം വേണ്ടെന്ന് വെച്ചത്. ഒരു സ്ഥാനമേറ്റെടുത്താൽ അതിനോട് ആത്മാർഥത പുലർത്തണം.- ചെറിയാൻ ഫിലിപ്പ് പറഞ്ഞു. 

English Summary : the doors are open for discussions, says cherian philip



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter