ACS Technology

News

അജ്ഞാതരായ ആ ഗഗനചാരികൾ ആരാണ്? അമേരിക്ക പുറത്തുവിട്ട യുഎഫ്ഒ വിവരങ്ങൾ ഗൗരവത്തോടെ കണ്ട് ലോകം

Representational Image

Editors Pick

പ്രീമിയം ഡെസ്‌ക്‌
ഈ വർഷം ഫെബ്രുവരിയിൽ പ്രശസ്തമായ ഗാർഡിയൻ പത്രത്തിൽ വന്ന ഒരു ലേഖനത്തിന്റെ തലക്കെട്ട് ഇപ്രകാരമായിരുന്നു. 'എന്തോ ചിലത് വരുന്നു..ഒടുവിൽ യുഎഫ്ഓകളെ ഗൗരവത്തോടെ കാണാൻ അമേരിക്ക തയ്യാറായോ? '.  അതെ എന്നാണ് ഈ വിഷയം സംബന്ധിച്ച് അമേരിക്കയിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന ഒരു വാർത്ത സൂചിപ്പിക്കുന്നത്. 
ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് അനുസരിച്ച്(നമ്മുടെ വിവരാവകാശ നിയമത്തിന് തുല്യം)ബ്രിട്ടീഷ് ടാബ്ലോയിഡ് ആയ 'ദ സൺ' ന് അമേരിക്ക നൽകിയ 1500 പേജ് വരുന്ന രേഖകളാണ് ഇങ്ങനെയൊരു നിഗമനത്തിൽ എത്താൻ കാരണം. യുഎഫ്ഓകളെ പറ്റി പഠിക്കാൻ അമേരിക്ക രൂപം കൊടുത്ത രഹസ്യ പദ്ധതിയായിരുന്ന അഡ്വാൻസ്ഡ് ഏയ്‌റോസ്‌പേസ് ത്രെറ്റ് ഐഡന്റിഫിക്കേഷൻ പ്രോഗ്രാ(AATIP)മിന്റെ രേഖകളായിരുന്നു ഇത്. യുഎഫ്ഒ അഥവാ പറക്കും തളികാ പ്രതിഭാസത്തെക്കുറിച്ച് വർഷങ്ങളോളം നിരീക്ഷണം നടത്തിയ ഈ പദ്ധതിയിൽ കിട്ടിയ വിവരങ്ങളുടെ ഒരു ഭാഗം മാത്രമാണ് ദ് സണ്ണിന് അമേരിക്ക നൽകിയത്. കഴിഞ്ഞ വർഷം ജൂണിൽ പെന്റഗൺ പുറത്തുവിട്ട ചെറുകുറിപ്പിന് ശേഷം അമേരിക്കയിൽ നിന്ന് ഈ പ്രതിഭാസത്തെക്കുറിച്ച് പുറത്തുവരുന്ന രണ്ടാമത്തെ ഔദ്യോഗിക രേഖയാണ് ഇത്. 
ഏറെനാളായി പറഞ്ഞുകേൾക്കുന്ന യുഎഫ്ഒ പ്രതിഭാസത്തിന് പിന്നിലുള്ള നിഗൂഡരഹസ്യങ്ങൾ പതിയെ പതിയെ അമേരിക്ക പുറത്തുവിടും എന്ന് കഴിഞ്ഞ ഏതാനും വർഷങ്ങളായി പറഞ്ഞുകേൾക്കുന്നുണ്ട്. അത് ശരിയാണെന്ന് സൂചിപ്പിക്കുന്ന നടപടികളാണ് അമേരിക്കൻ സർക്കാർ ഏജൻസികളിൽ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 

വഴിത്തിരിവായി ആ വിഡിയോകൾ; സമ്മതിച്ച് പെന്റഗൺ
2017 ൽ ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട മൂന്ന് വിഡിയോകൾ ആണ് ഇക്കാര്യത്തിൽ പെന്റഗണിനെ കുഴപ്പിച്ച് കളഞ്ഞത്. അതുവരെ യുഎഫ്ഒ സംബന്ധമായ വാർത്തകളെ പരിഹസിച്ചോ അവഗണിച്ചോ തമസ്‌കരിക്കുന്ന പതിവിൽ നിന്ന് ഇത് വളരെ ഗൗരവതരമായ ഒരു സംഗതിയാണ് എന്ന് പെന്റഗണിന് സമ്മതിക്കേണ്ടി വന്നത് യുഎസ് നേവി പൈലറ്റുമാർ തന്നെ യുഎഫ്ഒകളെ ചിത്രീകരിച്ച റഡാർ വിഡിയോകൾ പുറത്തുവന്നതോടെയാണ്. ഇവിടെ വിസിൽ ബ്ലോവർ ആയി ആ വിഡിയോകൾ ന്യൂയോർക്ക് ടൈംസിന് ചോർത്തിക്കൊടുത്തത് നേരത്തെ പറഞ്ഞ രഹസ്യപദ്ധതിയുടെ മുൻ തലവൻ ലൂയിസ് എലിസോൺഡോ തന്നെ ആയിരുന്നു എന്നതാണ് വിരോധാഭാസം. അതോടെ ഈ വിഡിയോകൾ അഥവാ യുഎഫ്ഓകൾ യഥാർത്ഥമാണെന്ന് ചരിത്രത്തിലാദ്യമായി ഒരു അമേരിക്കൻ സർക്കാർ വകുപ്പിന് സമ്മതിക്കേണ്ടി വന്നു.
 ക്രൂരമായ പരിഹാസങ്ങൾക്കും അവഗണനകൾക്കുമിടയിലും പതിറ്റാണ്ടുകളായി ഈ വിഷയം പഠിക്കുകയും വാർത്തകൾ കൊടുക്കുകയും ചെയ്യുന്ന ജോർജ് നാപ്, ജെറമി കോർബിൻ , ബ്രിട്ടീഷ് യുഎഫ്ഒ രഹസ്യപദ്ധതിയിലെ മുൻ ഉദ്യോഗസ്ഥൻ നിക് പോപ് എന്നിവരെയും ഈ അവസരത്തിൽ സ്മരിക്കണം.

കളിതമാശയല്ല യുഎഫ്ഒ; തിരിച്ചറിഞ്ഞ് ലോക മാധ്യമങ്ങൾ

യുഎഫ്ഒ സംബന്ധമായ വാർത്തകളെ കൗതുക വാർത്തകളുടെ വിഭാഗത്തിലോ അല്ലെങ്കിൽ ബുള്ളറ്റിനുകളുടെ സമയം തികയ്ക്കാനുള്ള വാൽക്കഷ്ണമായോ മാത്രം ഉപയോഗിച്ചിരുന്ന പ്രമുഖമാധ്യമങ്ങൾ പോലും 2017 ന് ശേഷം ഈ വിഷയത്തിൽ ഗഹനമായ വിശകലനങ്ങൾ എഴുതുകയും പരിപാടികൾ സംപ്രേഷണം ചെയ്യുകയും ചെയ്തു. 
സിക്സ്റ്റി മിനുട്ട് ഓസ്‌ട്രേലിയ രണ്ടു തവണയായി നിരവധി എപ്പിസോഡുകൾ ഈ വിഷയത്തിൽ തയ്യാറാക്കി അവതരിപ്പിച്ചു. എഴുപതുകളുടെ അവസാനവും എൺപതുകളുടെ തുടക്കത്തിലും ഈ വിഷയം വെറുമൊരു ഉച്ചക്കിറുക്ക് എന്ന നിലയിൽ അവതരിപ്പിച്ച അതേ പരിപാടിയിൽ തന്നെയാണ് പതിറ്റാണ്ടുകൾക്കിപ്പുറം വളരെ ഗൗരവത്തോടെ ഈ വിഷയം അവതരിപ്പിച്ചത് എന്നോർക്കണം. ഫോക്‌സ് ന്യൂസ്, ബിബിസി ലോകത്തെ മിക്ക പ്രമുഖ ചാനലുകളും കഴിഞ്ഞ ഏതാനും നാളുകളായി അവരുടെ പ്രൈം ടൈം ചർച്ചകളിൽ തന്നെ വളരെ ഗൗരവത്തോടെയാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്. ന്യൂയോർക്ക് പോസ്്റ്റിന്റെയും ഹിസ്റ്ററി ചാനലിന്റെയും ഈ വിഷയം സംബന്ധിച്ച യൂട്യൂബ് സീരിസുകൾ ദശലക്ഷക്കണക്കിന് പേരാണ് കണ്ടത്. ബേസ്‌മെന്റ് ഓഫിസ് എന്ന ന്യൂയോർക്ക് പോസ്റ്റിന്റെ യൂട്യൂബ് സീരിസ് ഈ വിഷയത്തെ കുറിച്ച് സമഗ്രവും ആഴത്തിലുള്ളതുമായ വിവരങ്ങളാണ് നൽകുന്നത്.
ഇത്തരത്തിൽ യുഎഫ്ഒ,ഭൗമേതര ജീവികൾ തുടങ്ങിയ വിഷയങ്ങളിൽ അമേരിക്കൻ സർക്കാർ ഏജൻസികളിൽ നിന്ന് നിർണായകവിവരങ്ങൾ പുറത്തുവരുന്നതിന് പറ്റിയ ഒരു പശ്ചാത്തലമാണ് ഒരുങ്ങിയിരിക്കുന്നത്. ഇത്തരത്തിൽ ഒരു സാഹചര്യം ഒരുക്കിയത് പിന്നിൽ പോലും ഇന്റലിജെൻസ് ഏജൻസികളുടെ പങ്ക്  സംശയിക്കുന്നവരുണ്ട്.. 

ഇനി ദ് സൺ ന് ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് വഴി ലഭിച്ച രേഖകളിൽ ഉള്ളതെന്തൊക്കെയാണ്...അക്കാര്യം നാളെ..
 

English Summary : A massive database of U.S. government reports regarding UFOs recently made public through a Freedom of Information Act (FOIA) request.The report concludes that there is sufficient evidence "to support a hypothesis that some advanced systems are already deployed, and opaque to full US understandings."



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter