ACS Technology

News

സഞ്ചാര സ്മൃതികൾ; ഹിമാലയത്തിന്റെ മടിത്തട്ടിലൂടെ ഭാഗം - 3

Lifestyle

സമയം രാവിലെ ആറുമണി. മുറിയുടെ വാതിൽ തുറന്നപ്പോൾ പുൽകാൻ എത്തിയ തണുത്ത കാറ്റിൽ വരാനിരിക്കുന്ന അതിശൈത്യത്തിന്റെ മുന്നറിയിപ്പ് അലിഞ്ഞു ചേർന്നിരുന്നു. പുറത്ത് പൂന്തോട്ടത്തിൽ നിറയെ പൂത്തുലഞ്ഞ് ചുവന്നു തുടുത്ത പനിനീർ പൂക്കളിൽ മുത്തമിട്ട ഹിമ കണങ്ങൾ. അകലെ, മഞ്ഞിൽക്കുളിച്ചു നില്ക്കുന്ന ഹിമവാന്റെ മടിയിലൂടെ മന്ദം മന്ദം  ഇറങ്ങി വരുന്ന സൂര്യ ഭഗവാന്റെ എഴുന്നള്ളിപ്പ് കണ്ണുകൾക്ക് കുളിർമയും മനസ്സിന് ആത്മീയ നിർവൃതിയും പകർന്നു തന്നു. നിമിഷ നേരത്തിൽ ഹിമാലയ നിരകളെ  പൊതിഞ്ഞിരിക്കുന്ന മഞ്ഞുകട്ടകളിൽ വെള്ളി രശ്മികൾ പതിഞ്ഞ് അവ വജ്ര ബിംബങ്ങളെപ്പോലെ തിളങ്ങാൻ തുടങ്ങി. 

സൂര്യോദയത്തിന്റെ സുന്ദര കാഴ്ചകൾ കണ്ട് കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും റൂം ബോയ് ബെഡ് കോഫീ കൊണ്ടു വന്നു തന്നു. ഇനി ഞങ്ങളുടെ അജണ്ടയിൽ രണ്ട് സ്ഥലങ്ങളിൽ കൂടി സന്ദർശനം ബാക്കിയുണ്ട്. അൽ മോഡയും റാണി കേതും. എല്ലാവരും പോകാനുള്ള തയ്യാറെടുപ്പ് തുടങ്ങി. പ്രഭാത ഭക്ഷണവും ബിൽ സെറ്റിൽമെന്റും എല്ലാം കഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും സമയം പതിനൊന്നു മണി കഴിഞ്ഞിട്ടുണ്ടായിരുന്നു. തികച്ചും വ്യത്യസ്തമായ ഒരു നിർവൃതിയുടെ ചാരിതാർത്ഥ്യവുമായി മുക്തേശ്വറിന്റെ മനം കുളിർപ്പിക്കുന്ന കാഴ്ചയോട് വിട പറഞ്ഞ് അൽമോഡ വഴി റാണികേതിലേക്ക് പോകാൻ ഞങ്ങൾ പ്ലാൻ ചെയ്തു. 


 
മുക്തേശ്വറിൽ നിന്നും അൽമോഡയിലേക്ക് 52km ദൂരമുണ്ട് രണ്ട് മണിക്കൂർ യാത്ര ചെയ്ത് ഞങ്ങൾ അൽ മോഡ എത്തി. അൽമോഡ ജില്ലയുടെ തലസ്ഥാന നഗരമാണ്  അൽമോഡ സിറ്റി. ദീപാവലി പ്രമാണിച്ച് കടകളെല്ലാം അവധിയായതിനാൽ മാർക്കറ്റിലൂടെ ബുദ്ധിമുട്ടില്ലാതെ യാത്ര ചെയ്യാൻ കഴിഞ്ഞു. ചുറ്റും ഹിമാലയ പർവ്വതങ്ങളാൽ ചുറ്റപ്പെട്ട നഗരത്തിന് ഒരു പക്ഷിക്കൂടിന്റെ ആകൃതി പോലെ തോന്നി. വർഷം മുഴുവൻ ഏതാണ്ട് ഒരേ താപനില നിലനിർത്തുന്ന ഈ പ്രദേശത്ത് ആയിരക്കണത്തിന് സഞ്ചാരികളാണ് എത്താറുള്ളത്. നഗരങ്ങളിലേതുപോലെ ഗതാഗതക്കുരുക്കുകൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. ചെറിയ ചെറിയ ബസ്സുകൾ ഓടുന്നത് കാണാമായിരുന്നു. റോഡരികിലെ വിശാലമായ പൈൻ മരങ്ങളുടെയരികിൽ ഞങ്ങൾ കാർ നിർത്തി. ഇത്ര ഭംഗിയിയുള്ള പൈൻ മരങ്ങളുടെ കുന്നിൻ ചെരുവ് ഇതിനു മുൻപ് കൊടൈക്കനാലിൽ മാത്രമെ കണ്ടിട്ടുള്ളു. എന്തായാലും കമിതാക്കളുടെ വിഹാര കേന്ദ്രമായ പൈൻ മരങ്ങളുടെ തണലിൽ അല്പനേരം വിശ്രമിച്ചും നർമ സല്ലാപങ്ങളിൽ മുഴുകിയും അൽമോഡയുടെ പ്രകൃതി ഭംഗി ആസ്വദിച്ച് അധികം വൈകാതെ ഈ യാത്രയുടെ അവസാന ലക്ഷ്യസ്ഥാനമായ റാണികേതിലേക്ക് യാത്ര തുടർന്നു.

അൽമോഡയിൽ നിന്നും 46 km ദൂരമുണ്ട് റാണിക്കേത്. ഏകദേശം ഒന്നേമുക്കാൽ മണിക്കൂർ വേണ്ടി വന്നു ഹെയർപിൻ വളവുകൾ നിറഞ്ഞ കുന്നിൻ ചെരിവുകളിലെ റോഡുകൾ പിന്നിട്ട് റാണികേതിലെത്താൻ. വഴിയിൽ മജ്കലി എന്ന ഒരു കുന്നിൽ പ്രദേശത്തെ ചെറിയ പട്ടണത്തിൽ വെച്ച് ഞങ്ങൾ ഉച്ചഭക്ഷണം കഴിച്ചു. ഭൂമിശാസ്ത്രപരമായി നോക്കിയാൽ മുക്തേശ്വറും അൽമോഡയും റാണി കേതുമെല്ലാം ഹിമാലയത്താൽ ചുറ്റപ്പെട്ടതാണെന്ന സാദ്യശ്യം ഒഴിച്ച് നിർത്തിയാൽ ചരിത്രപരമായി ഇവയെല്ലാം വ്യത്യസ്തങ്ങളായ പ്രാധാന്യങ്ങൾ അർഹിക്കുന്നു. സമുദ്ര നിരപ്പിൽ നിന്ന് 6132 അടി ഉയരത്തിലാണ് റാണികേത് സ്ഥിതി ചെയ്യുന്നത്. 

സമയം ഏകദേശം നാലര മണി കഴിഞ്ഞിരുന്നു. കുറച്ചു നേരം റാണിക്കേതിലെ ഹരിതാഭ നിറഞ്ഞ പ്രകൃതി വിസ്മയങ്ങൾ ആസ്വദിച്ചു. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ഗോൾഫ് കോഴ്‌സ് റാണികേതിലാണ്. ആഷിയാനാ പാർക്ക്, മങ്കമേശ്വർ ക്ഷേത്രം, റാണിജീൽ, ഗോലു ദേവതാ ക്ഷേത്രവും ഗാന്ധിജി താമസിച്ചുവെന്നു പറയപ്പെടുന്ന കുടിലുള്ള താരിക്കേത്, പ്രകൃതി ഭംഗിക്ക് പ്രശസ്തമായ സിയാലിക്കേത്, ജൂലാ ദേവി ക്ഷേത്രം എന്നിവ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ചിലതാണ്. റാണി കേത് സിറ്റിയോട് ചേർന്ന് കിടക്കുന്ന പച്ച വിരിച്ച മൈതാനങ്ങളോട് കൂടിയ ഏക്കറുകളോളം നീണ്ടു കിടക്കുന്ന ഭൂമി പൂർണ്ണമായും ഇന്ത്യൻ ആർമിയുടെ അധീനതയിലുള്ളവയാണ്. പടിഞ്ഞാറ് സൂര്യൻ അസ്തമനത്തിനുള്ള തയ്യാറെടുപ്പിലാണ്. നീലമലയിടുക്കുകളിൽ അരുണ മരീചികൾ പടർന്നു ചുവക്കാൻ തുടങ്ങി. അല്പനേരം കൂടി സിറ്റിയിലൂടെ കറങ്ങി വരുമ്പോഴേതും നേരം സന്ധ്യ കഴിഞ്ഞിരുന്നു. റോഡിലെല്ലാം തെരുവു വിളക്കുകൾ പ്രകാശിച്ചു തുടങ്ങി. ഇന്നത്തെ രാത്രി റാണി കേതിൽ ചിലവഴിച്ച് അടുത്ത ദിവസം രാവിലെ തന്നെ ഡൽഹിയിലേത് തിരിച്ച് പോകാനായിരുന്നു ഉദ്ദേശ്യം. ഇവിടെയും ഹോട്ടൽ നേരത്തെ ബുക്ക് ചെയ്തിട്ടില്ലായിരുന്നു. വഴിയരികിൽ ധാരാളം ഹോട്ടലുകളുണ്ട്. ഒന്നു രണ്ടെണ്ണം കയറി അന്വേഷിച്ചുവെങ്കിലും മുക്തേശ്വറിലെ റിസോർട്ടിനോട് താരതമ്യം ചെയ്യാൻ പറ്റിയവ കണ്ടെത്തിയില്ല. ഒടുവിൽ മൊബൈലിൽ ഗൂഗിളിന്റെ സഹായത്തോടെ സിറ്റിയിൽ നിന്നും അല്പം അകലെ ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു. അടുത്ത ദിവസം രാവിലെ ഏഴുമണിയോടെയെങ്കിലും ഹോട്ടലിൽ നിന്നും പുറപ്പെട്ടാൽ വഴിയിൽ ജൂലാ ദേവി ക്ഷേത്രവും സന്ദർശിച്ച് രാത്രി അധികം വൈകും മുമ്പ് ഡൽഹിയിൽ തിരിച്ചെത്താൻ കഴിയും.  

പ്ലാൻ ചെയ്ത പോലെത്തന്നെ രാവിലെ ഏഴു മണിക്ക് പ്രഭാത ഭക്ഷണത്തിന് കാത്തു നില്ക്കാതെ ചായ മാത്രം കുടിച്ച് ജൂലാദേവി ക്ഷേത്രത്തിലെത്തി. ആർമി കന്റോൺമെന്റ് ഏരിയയോട് ചേർന്നു നില്ക്കുന്ന ഈ ദേവീ ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ക്ഷേത്രനടയോട് ചേർന്ന ചുറ്റുമതിലുകൾ നിറയെ ചെറുതും വലുതുമായ ചെമ്പുകൊണ്ട് നിർമ്മിച്ച ലക്ഷക്കണക്കിന് മണികൾ (bells) കെട്ടിത്തൂക്കിയിട്ടിരിക്കുന്ന കാഴ്ച ആരെയും അത്ഭുതപ്പെടുത്തും. ഈ ക്ഷേത്രത്തെ കുറിച്ചുള്ള ഐതിഹ്യം ഇങ്ങനെയാണ്. വന്യമൃഗങ്ങളുടെ ശല്യം സഹിക്കാൻ വയ്യാതെ സഹികെട്ട ഗ്രാമവാസികൾ ദേവിയെ നിരന്തരം പൂജിക്കുകയും ഒടുവിൽ അവരുടെ പ്രാർത്ഥനയിൽ പ്രീതി പൂണ്ട ദുർഗ്ഗാ ദേവി ഗ്രാമത്തിലെ ഒരു ആട്ടിടയന്റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുകയും തന്റെ വിഗ്രഹം കിടക്കുന്ന സ്ഥലം കണ്ടെത്തി അവിടെ ക്ഷേത്രം പണി കഴിപ്പിക്കാൻ അരുൾ ചെയ്യുകയും ചെയ്തത്രെ. അങ്ങനെ ക്ഷേത്രം പണി കഴിപ്പിച്ച് ദേവിയെ കൂടിയിരുത്തിയതിനു ശേഷമാണ് ആ ഗ്രാമവാസികൾക്ക് സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം തിരിച്ച് കിട്ടിയത്. ഇന്നും തങ്ങളുടെ പ്രാർത്ഥനകൾക്ക് ഫലം കിട്ടിയാൽ ദൂര സ്ഥലങ്ങളിൽ നിന്നു പോലുമുള്ള ഭക്തർ ഈ ക്ഷേത്രത്തിലെത്തി മണികൾ കാണിക്കയായ് ദേവിക്ക് സമർപ്പിക്കുന്നു. 

ക്ഷേത്ര ദർശനം കഴിഞ്ഞു. ഇനി ചുറ്റും താല്‌ഴ്വരകൾ നിറഞ്ഞ മലയോര പാതയിലൂടെ തിരിച്ച് ഡൽഹിയിലേക്ക് മടക്കയാത്ര. വഴിയിൽ ഒരു കുന്നിൽ ചെരുവിലെ ഹോട്ടലിൽ വെച്ച് പ്രഭാത ഭക്ഷണം കഴിച്ചു. എട്ടുമണിക്കൂർ നീണ്ട യാത്രയിൽ .ദേശീയ പാതയിൽ ഒരു സാമാന്യം ഭേദപ്പെട്ട വഴിയോര ഹോട്ടലിൽ നിന്നും ഉച്ച ഭക്ഷണവും കഴിച്ചു. നാലു ദിവസങ്ങളും മൂന്നു രാത്രികളും നീണ്ട അർത്ഥപൂർണ്ണമായ ഒരു സഞ്ചാരത്തിന്റെ ബാക്കിപത്രങ്ങളായി  കുറേ നല്ല ഓർമ്മകൾ മനസ്സിൽ സൂക്ഷിച്ച് കൊണ്ട്, പൊടിയും മലിനവായുവും കൊണ്ട് ശ്വാസം കിട്ടാതെ പിടയുന്ന ഡൽഹിയിൽ തിരിച്ചെത്തിയപ്പോഴേക്കും രാത്രി എട്ടുമണിയോടുത്തിരുന്നു. വീണ്ടും യാന്ത്രികത നിറഞ്ഞ നഗര ജീവിതത്തിന്റെ തിരക്കുകളിലേക്ക്.....

സുരേന്ദ്രൻ കണ്ണൂർ

(അവസാനിച്ചു)

English Summary : himalayan travalogue last partRelated News

Other News


Trending

View all

LATEST STORIES FROM Kerala Voter