ACS Technology

News

സഞ്ചാര സ്മൃതികൾ; ഹിമാലയത്തിന്റെ മടിത്തട്ടിലൂടെ- ഭാഗം - 2

Lifestyle

നൈനിറ്റാളിന്റെ നയനമനോഹരങ്ങളായ ദൃശ്യങ്ങൾ ആവോളം മനസ്സിലും മൊബൈലിലും ഒപ്പിയെടുത്ത് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ഞങ്ങൾ മുക്തേശ്വറിലേക്ക് പുറപ്പെട്ടു. ഏകദേശം രണ്ടു മണിക്കൂർ സമയമെടുത്തു 51km മലഞ്ചെരിവിലൂടെയുള്ള ദൂരം പിന്നിട്ട് മുക്തേശ്വറിലെത്താൻ. സമുദ്രനിരപ്പിൽ നിന്ന് 7500  അടി ഉയരത്തിലാണ് ഈ ഹിൽസ്റ്റേഷൻ. ബ്രിട്ടീഷ്ഭരണ കാലത്ത് മുക്തേശ്വർ കേന്ദ്രീകരിച്ചു നിരവധി പഠന ഗവേഷണ പ്രവർത്തനങ്ങൾ നടന്നിരുന്നതിനാൽ അക്കാലത്തു മുക്തേശ്വർ പ്രസിദ്ധിയാർജിച്ചിരുന്നു. എന്നാൽ ഇന്ന് ഹിമാലയ ദർശനത്തിന് പേരു കേട്ട സ്ഥലമാണ് മുക്തേശ്വർ, പ്രത്യേകിച്ച്, ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയായ നന്ദാദേവിയുടെ ദർശനസൗഭാഗ്യം മുക്തേശ്വറിൽനിന്നു ലഭിക്കുമെന്നുള്ളതാണ്. 

ഉച്ചയ്ക്ക് രണ്ടു മണി കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ മുക്തേശ്വറിലെത്തി. ഇവിടെ തണുപ്പ് വളരെ കൂടുതലാണ്. എങ്ങോട്ടു നോക്കിയാലും നീല മലകൾ തൊട്ടുരുമ്മി നില്കുന്ന അതിമനോഹര കാഴ്ച. വൈകുന്നേരം നേരത്തെ ഇരുൾ വീഴാൻ സാദ്ധ്യതയുള്ളതിനാൽ ഞങ്ങൾ നേരെ മുക്തേശ്വറിലെ 350 വർഷം പഴക്കമുള്ള ശിവക്ഷേതത്തിലേക്ക് ഉള്ള വഴിയിലേക്ക് തിരിഞ്ഞു. ഇടുങ്ങിയ റോഡുകളിൽ അവിടവിടെ ചെറിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മഴക്കാല കെടുതികളായിരിക്കണം, മനസ്സിൽ കരുതി. റോഡിൽ നിന്നും അമ്പലത്തിലേക്ക് നടന്നു വേണം പോകാൻ. ഒരു ചെറിയ കാട്ടുപാതയിലൂടെ കുറച്ച് ദൂരം നടന്നു.  മുകളിലേക്ക് കുത്തനെയുള്ള പടികൾ കയറിവേണം അമ്പല മുറ്റത്തെത്താൻ. ഭഗവാൻ പരമശിവൻ ഒരു രാക്ഷസനെ വധിക്കുകയും അയാൾക്ക് മുക്തി നല്കുകയും ചെയ്തതിലൂടെയാണ് ഈ സ്ഥലത്തിന് മുക്തേശ്വർ എന്ന പേര് കിട്ടിയതെന്നാണ് വിശ്വാസം. ധ്യാനത്തിലൂടെ ആത്മശുദ്ധി നേടാൻ ഇവിടെ എത്തുന്നവരും കുറവല്ല. അമ്പലമുറ്റത്തു നിന്നു നോക്കിയാൽ നന്ദാദേവി, നന്ദാക്കോട്ട്, നന്ദാഗുണ്ടി, തൃശ്ശൂൽ, പഞ്ചചൂലി എന്നീ പർവ്വത നിരകളുടെ 180  degree കാഴ്ചയും കാണാം. 

അമ്പലത്തിൽ നിന്നിറങ്ങി ഞങ്ങൾ നേരെ 'ലവ് പോയിന്റ്' കാണാൻ പോയി. സമാനരീതിയിലുള്ള കാഴ്ചകളൊക്കെയാണെങ്കിലും യുവതീയുവാക്കളുടെ ഒരു സംഗമ കേന്ദ്രമാണിവിടം. കണ്ണെത്താ ദൂരം വരെ ഒരു താഴ്വര കാണാമായിരുന്നു. നീണ്ടു കൂർത്ത ഒരു പാറക്കെട്ടിലിരുന്നാണ് ഇവിടെ പ്രണയ ജോഡികൾ പ്രകൃതിഭംഗി ആസ്വദിക്കുന്നത്. ഏതായാലും ഇവിടെ വരെ വന്നതല്ലെ എന്ന ചിന്തയിൽ ഞാനും ഭാര്യയും  പ്രകൃതിയുടെ മാസ്മരിക സൗന്ദര്യത്തിൽ ലയിച്ച് അല്പസമയം അവിടെയിരുന്നു.  ഇനി തിരിച്ച് റോഡിലെത്താൻ മരങ്ങൾ തിങ്ങി നിറഞ്ഞ കാട്ടിലൂടെ താഴേക്കിറങ്ങി. വ്യത്യസ്തങ്ങളായ കാട്ടുപഴങ്ങൾ അങ്ങിങ്ങായി ചിതറിക്കിടപ്പുണ്ടായിരുന്നു. ഉച്ചഭക്ഷണം കഴിക്കാതിരുന്നതിനാൽ നല്ല വിശപ്പു തോന്നിത്തുടങ്ങിയിരുന്നു. സമയം നാലുമണി കഴിഞ്ഞിരുന്നു താഴെ റോഡിലെത്തുമ്പോഴേക്കും. 

നിരനിരയായി കെട്ടിയുണ്ടാക്കിയ കടകളിൽ നിന്ന് ഉച്ച ഭക്ഷണം വഴിയാരക്കച്ചവടം തകൃതിയായി പാചകം ചെയ്യുന്നുണ്ട്. ചൂടോടെ സ്വാദുള്ള നൂഡിൽസും കിച്ചടിയും ഒക്കെ കഴിച്ച് ഞങ്ങൾ രാത്രി താമസിക്കാൻ  റിസോർട്ടുകൾ അന്വേഷിച്ച് യാത്ര തുടർന്നു. നേരത്തെ ബുക്ക് ചെയ്യാതെ വരുമ്പോൾ ഇത്തരത്തിലുള്ള ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട്. എങ്കിലും സീസൺ അല്ലാത്തതിനാൽ ഇവിടെയും സഞ്ചാരികൾ അധികം ഉണ്ടായിരുന്നില്ല. ഒടുവിൽ മനോഹരമായ ഒരു റിസോർട്ട് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു, 'ശ്രീ ശൈൽ റിസോർട്ട്'.
റോഡിനരികിൽ വിശാലമായ കാർ പാർക്കിംഗ് സൗകര്യമുള്ള ഒറ്റനോട്ടത്തിൽ തന്നെ ആരെയും ആകർഷിക്കുന്ന നിറയെ പൂക്കളും പൂത്തു നില്ക്കുന്ന മരങ്ങളും കൊണ്ട് കാഴ്ചയിൽ പ്രൗഢ ഗംഭീരമായ ഒരു നാലുകെട്ട് പോലെ തോന്നിക്കുന്ന റിസോർട്ട്. ഉടമസ്ഥനും കുടുംബവും റിസോർട്ടിന്റെ കേമ്പസിൽ തന്നെ മറ്റൊരു കെട്ടിടത്തിലാണ്കഴിയുന്നത്. റിസോർട്ടിന്റെ താഴത്തെ നിലയിൽ ഓഫീസും കേന്റീനും മാത്രമെയുള്ളു. മുകളിലത്തെ നിലയിലാണ് മുറികൾ. വിശാലമായ മുറികളുടെ നീണ്ട ബാൽക്കണിയിൽ നിന്നു നോക്കിയാൽ അംബരചുംബികളായ പർവ്വത നിരകളുടെ നിരകൾ കാണാം. സൂര്യൻ പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. അല്പം മഞ്ഞ് മൂടിക്കിടന്നതിനാൽ അസ്തമയ ദൃശ്യങൾ അത്ര വ്യക്തമായിരുന്നില്ല. ഞങ്ങൾ അവിടെ താമസിക്കാൻ തന്നെ തീരുമാനിച്ചു. മറ്റു മുറികളിലൊന്നും ആരും ഉണ്ടായിരുന്നില്ല. വീതിയുള്ള ബാൽക്കണിയോടു കൂടിയതായിരുന്നു ഞങ്ങളുടെ മുറി. മരം കൊണ്ടുള്ള മേൽക്കൂര നിർമ്മിച്ച മുറിയിൽ എസിയോ എന്തിന് ഫാൻ പോലും ഉണ്ടായിരുന്നില്ല. മുക്തേശ്വറിൽ ഏറ്റവും ചൂട് കൂടിയ മാസം മെയ് ആണ്. എന്നാൽ അപ്പോഴും കൂടിയ താപനില 23 ഡിഗ്രി സെൽഷ്യസിൽ കൂടാറില്ല. അതുകൊണ്ടു തന്നെ കടുത്ത ചൂട് ഒരിക്കലും അനുഭവപ്പെടാറില്ല. ഞങ്ങളുടെ മുറിയിൽ നിന്ന് പുറത്തേക്ക് നോക്കിയാൽ റോഡിനപ്പുറത്ത് മരങ്ങൾ നിറഞ്ഞ ചെങ്കുത്തായ ഒരു താഴ്വരയാണ്. അതിന്റെ എതിർഭാഗത്ത് ഒരു മതിൽക്കെട്ടു പോലെ മഞ്ഞുമൂടിയ പർവ്വതങ്ങൾ കിടക്കുന്ന കാഴ്ച ജീവിതത്തിൽ ഒരിക്കലെങ്കിലും ദർശിക്കേണ്ടതു തന്നെ. 

കുറച്ച് നേരം വിശ്രമിച്ചതിനു ശേഷം ചുറ്റിനുമുള്ള കാഴ്ചകൾ കാണാൻ ഞങൾ പുറത്തിറങ്ങി. സമയം ആറുമണിയോടടുത്തിരുന്നു. റോഡിൽ തെരുവ് വിളക്കിന്റെ പ്രകാശം മലനിരയിലെ പാതയോരങ്ങളുടെ അഴക് കൂട്ടിയിരിക്കുന്നു. വഴിയരികിലെല്ലാം റിസോർട്ടുകളാണ് കൂടുതൽ ഇടയ്ക്ക് ഒന്നു രണ്ടു വീടുകളും കാണാമായിരുന്നു. അതിൽ ചരിത്രത്തിന്റെ കഥയുറങ്ങുന്ന റോഡരികിലെ ഒരു വീട് ഞങ്ങളെ ആകർഷിച്ചു. ഇളം പച്ച നിറത്തിലുള്ള ഒരു ഒറ്റനില വീട്. ആ വീടൊന്നു കാണാൻ ഞങ്ങൾക്ക് കൗതുകം തോന്നി. പുറത്താരെയും കാണുന്നില്ല. എല്ലാവരും ദീപാവലി ആഘോഷത്തിന്റെ ഭാഗമായ സന്ധ്യാസമയ പൂജയുടെ തിരക്കിലാവാം. വീടിന്റെ ഗേറ്റിനടുത്ത് എത്തിയതും ഒരു യുവാവ് വീടിന്റെ പുറത്തേക്കിറങ്ങി. ഞങ്ങളെക്കണ്ടതും അദ്ദേഹം കാര്യം ചോദിച്ചു. ഞങ്ങളുടെ ആഗ്രഹം കേട്ടപ്പോൾ അകത്തേക്കു പോകാൻ അനുവാദം കിട്ടി. പച്ചപ്പുല്ല് വിരിച്ച മുറ്റം. അതിന്റെ നടുവിലായി പേരറിയാത്ത വലിയൊരു മരം. വീടിന്റെ ആകൃതിയും സ്‌റ്റൈലുമെല്ലാം ബ്രിട്ടീഷ് മോഡലിലാണ്. പതിറ്റാണ്ടുകൾക്ക് മുൻപ് ഈ വീട് ബ്രിട്ടീഷ് ആർമിയിലെ ഒരു കേണലിന്റെ ക്വാർട്ടേഴ്‌സ് ആയിരുന്നു. ബ്രിട്ടീഷുകാരുടെ ഇന്ത്യയിലെ പിൻമാറ്റത്തിന്റെ ഭാഗമായി കേണലിനും വീടൊഴിഞ്ഞു പോകേണ്ടി വന്നു. തദ്ദേശിയായ ഒരാൾ ഈ ക്വാർട്ടേഴ്‌സ് വിലക്കു വാങ്ങിക്കുകയും തുടർന്ന് അദ്ദേഹത്തിന്റെ ബന്ധുക്കളാണ് ഇപ്പോൾ ഈ വീട്ടിൽ കഴിയുന്നത്. ആധുനികതയുടെ മാറ്റങ്ങളൊന്നും തൊട്ടു തീണ്ടാത്ത ആ പുരാതന ക്വാർട്ടേഴ്‌സിന്റെ രൂപവും ഭാവവും സ്വാതന്ത്യത്തിനു മുൻപുള്ള ഇന്ത്യയുടെ ബ്രിട്ടീഷ് ആധിപത്യത്തിന്റെ, അവരുടെ സുഖലോലുപതയിൽ നിറഞ്ഞ ജീവിത സാഹചര്യങ്ങളിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി. 

അതു കഴിഞ്ഞ് കുറച്ച് ദൂരം മുന്നോട്ടു നടന്നപ്പോൾ അവിടുത്തെ ഗ്രാമവാസിയുടെ ഒരു പലചരക്കു കട കണ്ടു. അതോടുകൂടി  ചായക്കടയും നടത്തുന്നുണ്ട്. ഞങ്ങൾ ചായ കുടിക്കാനും അവരോട് കുറച്ച് സംസാരിക്കാനും തീരുമാനിച്ചു. ഗ്രാമവാസികളിൽ ഒന്നു  രണ്ടു പേർ അവിടെ ഇട്ടിരുന്ന ബെഞ്ചിൽ ഇരിപ്പുണ്ടായിരുന്നു. കടയുടമ ഞങ്ങൾ ആറു പേരടങ്ങുന്ന സംഘത്തെ ക്കണ്ടതും വളരെ ഭവ്യതയോടെ, 'വരൂ, ഇരിക്കൂ' എന്നു പറഞ്ഞതു കണ്ടപ്പോൾ ബെഞ്ചിലിരുന്ന രണ്ടു പേരും എഴുന്നേറ്റ് മാറി നിന്നു.  ആ നാട്ടിലെ ജനങ്ങളുടെ ആതിഥ്യമര്യാദയുടെ ആഴവും പരപ്പും മനസ്സിലാക്കാൻ അത് തന്നെ ധാരാളമായിരുന്നു.  പുറംമോടി ഒട്ടും ഇല്ലാത്ത സാധാരണക്കാരായ ജനങ്ങൾ. പ്രതീക്ഷിച്ചതിലധികം സമയം അവിടെ ചെലവഴിച്ച് ഞങ്ങൾ ഏകദേശം എട്ടുമണിയോടു കൂടി റിസോർട്ടിൽ തിരിച്ചെത്തി. അപ്പോഴേക്കും റിസോർട്ടിലെ ഉടമയുടെ കുട്ടികൾ ദീപാവലിക്ക് പടക്കങ്ങൾ പൊട്ടിക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങിയിരുന്നു. ഞങ്ങളും ആ കുട്ടികളുടെ ഉത്സവാഘോഷത്തിൽ പങ്കുചേർന്നു. 

രാത്രി പത്തുമണിയോടെ ഭക്ഷണം കഴിച്ചു. രാവിലെ കിഴക്ക് പർവ്വത ശിഖരങ്ങളെ തഴുകി ഒഴുകിയെത്തുന്ന സൂര്യരശ്മികളെ പുണരാനുള്ള കൊതിയോടെ ഞങ്ങൾ ഉറക്കത്തിലേക്ക് വഴുതി വീണു.

(തുടരും)

സുരേന്ദ്രൻ കണ്ണൂർ
 

English Summary : nainital travalogue part 2Related News

Other News


Trending

View all

LATEST STORIES FROM Kerala Voter