
ആദിവാസിയെയും ദളിതനെയും സ്ത്രീയെയും രാഷ്ട്രപതിയാക്കുന്നതൊക്കെ പ്രതീകാത്മകശ്രമം മാത്രമാണെന്ന് എഴുത്തുകാരൻ സി.ആർ.പരമേശ്വരൻ. ആദിവാസികൾക്ക് വേണ്ടി സംസാരിച്ചു എന്ന കുറ്റത്തിന് സ്റ്റാൻ സ്വാമി എന്ന വയോവൃദ്ധനെ അയാളുടെ കുറ്റം എന്തെന്ന് പോലും പറയാതെ തടങ്കലിൽ വച്ച്, പച്ചവെള്ളം പോലും കൊടുക്കാതെ കൊന്ന പാർട്ടികളാണ് ഇപ്പോൾ മുർമുവിനെ സ്ഥാനാർഥിയാക്കി ആദിവാസിപ്രേമം പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ആദിവാസിയെയും ദളിതനെയും സ്ത്രീയെയും രാഷ്ട്രപതിയാക്കുന്നതൊക്കെ tokenistic (പ്രതീകാത്മകശ്രമം )മാത്രമാണ്.അല്ലെങ്കിൽ, റബ്ബർ സ്റ്റാമ്പ് ആകില്ലെന്ന് ഉറപ്പുള്ള പ്രമാണികത ഉള്ള ആദിവാസിയെയും ദളിതനെയും സ്ത്രീയെയും കണ്ടെത്തി രാഷ്ട്രപതിയാക്കണം.
Tokenistic നടപടികൾ പൊതുവെ കടുത്ത വഞ്ചന നിറഞ്ഞവയാണ്.കോർപ്പറേറ്റ് -മണി പവർ ബാന്ധവത്തിന് മുൻഗണന കൊടുക്കുന്നത് മൂലം കോൺഗ്രസ്സിന്റെയും ബി. ജെ. പി. യുടെയും കമ്മ്യൂണിസ്റ്റിന്റെയും ഒക്കെ വാസ്തവത്തിലുള്ള ഉള്ളിലിരുപ്പ് ആദിവാസിമേഖലകളുടെയും ജീവിതങ്ങളുടെയും നിർമ്മാർജ്ജനമാണ്. ബി. ജെ. പി സർക്കാരിന്റെ മൂശയിലുള്ള പരിസ്ഥിതി കരട് നിയമം മാത്രം മതി ഇക്കാര്യത്തിൽ ഭരണകൂടങ്ങളുടെ യഥാർത്ഥ മനോഭാവം തുറന്നു കാട്ടപ്പെടാൻ.
UPA യുടെയും NDA യുടെയും ഭരണകാലത്ത്, യാതൊരു നിയമത്തിന്റെയും പിൻബലമില്ലാതെ തന്നെ,ഖനിജങ്ങൾ തേടുന്ന കുത്തകകൾക്ക് വേണ്ടി ജാർഖണ്ടിലും ഛത്തീസ്ഗത്തിലും ഒഡീസയിലും ആദിവാസി ഗ്രാമങ്ങൾ തന്നെ ഇല്ലെന്നാക്കി വരുന്നു ആ ഭരണകൂടങ്ങൾ . സഹജീവികൾക്കെതിരായുള്ള ഇത്തരം കുറ്റങ്ങൾ നടക്കുമ്പോൾ മിണ്ടാതെ നിൽക്കുന്ന നെറികെട്ട ഫ്യൂഡൽ സമൂഹമാണ് നമ്മുടേത്.
ആദിവാസികൾക്ക് വേണ്ടി സംസാരിച്ചു എന്ന കുറ്റത്തിന് സ്റ്റാൻ സ്വാമി എന്ന വയോവൃദ്ധനെ അയാളുടെ കുറ്റം എന്തെന്ന് പോലും പറയാതെ തടങ്കലിൽ വച്ച്, പച്ചവെള്ളം പോലും കൊടുക്കാതെ കൊന്ന പാർട്ടികളാണ് ഇപ്പോൾ മുർമുവിനെ സ്ഥാനാർഥിയാക്കി ആദിവാസിപ്രേമം പ്രകടിപ്പിക്കുന്നത്!
English Summary : Tribal love is now being expressed by the parties that killed Stan Swamy in custody for speaking out on behalf of tribal people; CR Parameswaran