ACS Technology

News

ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ഉത്തരാഖണ്ഡ്; സമിതി രൂപീകരിച്ചെന്ന് പുഷ്‌കർ സിങ് ധാമി

Latest

ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിച്ചതായി സർക്കാർ. കരട് തയ്യാറാക്കുന്നതിനായി ഉത്തരാഖണ്ഡ് സർക്കാർ സമിതി രൂപീകരിച്ചു. റിട്ടയേഡ് സുപ്രിംകോടതി ജഡ്ജി രഞ്ജന ദേശായിയുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.

ഗോവക്കു പിന്നാലെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമാകും ഉത്തരാഖണ്ഡെന്നും ഏത് മതത്തിൽ പെട്ടവരായാലും സമൂഹത്തിലെ ഏത് വിഭാഗത്തിൽ പെട്ടവരായാലും ആളുകൾക്കായി ഞങ്ങൾ ഏക സിവിൽ കോഡ് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞു.

എന്നാൽ ഉത്തരാഖണ്ഡ് സർക്കാരിനെതിരായ നീക്കത്തെ ഓൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് എതിർത്ത് രംഗത്തെത്തി. 'ഭരണഘടനാ വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമായ നീക്കം' എന്നാണ് നടപടിയെ ഓൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് വിശേഷിപ്പിച്ചത്.

പണപ്പെരുപ്പം, സമ്പദ് വ്യവസ്ഥ, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ എന്നീ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്നും അവർ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് വാഗ്ദാനമായ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

'ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. നിയമവിദഗ്ധരുൾപ്പെടെയുള്ള സംഘമായിരിക്കും കമ്മിറ്റിയിലുണ്ടാകുക. സമിതി സമർപ്പിക്കുന്ന കരട് രേഖ സർക്കാർ നടപ്പിലാക്കും. ഉത്തരാഖണ്ഡ് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും. ഇത് മറ്റ് സംസ്ഥാനങ്ങളും പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്,' ധാമി പറഞ്ഞു.

ഉത്തർപ്രദേശിൽ ആർ.എസ്.എസ് കേന്ദ്രീകൃത മാഗസിനുകളുടെ വിജയാഘോഷ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ മെയ് രണ്ടിന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറും ഏകീകൃത സിവിൽ കോഡ് ഉടൻ സംസ്ഥാനത്ത് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

English Summary : uttarakhand takes steps to implement civil code



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter