ACS Technology

News

ഗവർണർ ഒരു വ്യക്തിയല്ല, ഭരണഘടനാ സ്ഥാപനമാണ്, മന്ത്രി ബിന്ദുവിന്റെ നടപടി തെറ്റ്; വി എസ് സുനിൽകുമാർ 

Editors Pick

പക്വമതിയായ ഒരു രാഷ്ട്രീയ നേതാവിൽ നിന്നു പ്രതീക്ഷിക്കുന്ന നിലപാടല്ല ഗവർണർ കൈക്കൊണ്ടിരിക്കുന്നതെന്ന് മുൻ കൃഷിമന്ത്രിയും സിപിഐ നേതാവുമായ വി എസ് സുനിൽകുമാർ. ചാൻസലർ സ്ഥാനം ഗവർണറിൽ തന്നെ നിക്ഷിപ്തമായിരിക്കുന്നതാണ് ജനാധിപത്യസംവിധാനത്തിൽ ഉചിതമെന്നും സുനിൽകുമാർ പറഞ്ഞു. ഗവർണർ ഒരു വ്യക്തിയല്ല, ഭരണഘടനാ സ്ഥാപനമാണ്. ചാൻസലർ എന്ന പദവി വഹിക്കാൻ നിയമപരമായി  അദ്ദേഹത്തിന് ബാധ്യതയുണ്ട്- വി എസ് സുനിൽകുമാർ കൂട്ടിച്ചേർത്തു. മലയാള മനോരമ കറസ്‌പോണ്ടന്റ് സുജിത് നായരോട് ക്രോസ് ഫയറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഗവർണറിന്റെ നിലപാടിനെ ഒരു കടന്നകൈ നിലപാട് എന്ന് മാത്രമേ വിശേഷിപ്പിക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ പാസാക്കിയ ബിൽ ഒപ്പിട്ട് നിയമമാക്കുന്ന ഗവർണർ തന്നെ ആ നിയമം തനിക്കു ബാധകമല്ലെന്നു പറയുന്നത് ഭരണത്തലവന്റെ സ്ഥാനത്തിരിക്കുന്ന വ്യക്തി ചെയ്യാൻ പാടില്ലാത്തതാണ്. വ്യക്തിപരമായി പല അഭിപ്രായവും അദ്ദേഹത്തിന്  ഉണ്ടാകും.പക്ഷേ ഞാൻ ഈ ഭക്ഷണം കഴിക്കില്ല എന്നതു പോലെ വാശി പിടിക്കാവുന്ന ഒരു പ്രശ്‌നമല്ല ഇക്കാര്യം. ഗവർണർ എന്ന പദവിയിൽ പിന്തുടർച്ചക്കാരനായി വന്ന ഒരാളാണ് അദ്ദേഹം.അതിനു മുൻപും ശേഷവും ആളുകൾ ഉണ്ട്, ഉണ്ടാകും. നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്യാൻ നിർബന്ധിക്കപ്പെട്ടാൽ അത് അദ്ദേഹത്തിന് ചൂണ്ടിക്കാട്ടുകയോ തടയുകയോ ചെയ്യാം. നിയമവിരുദ്ധമാണെങ്കിൽ അതു നിലനിൽക്കുകയുമില്ല. കോടതിയിലടക്കം  ചോദ്യം ചെയ്യപ്പെടുമല്ലോ. അതിനു പകരം  ഞാൻ നിയമവിരുദ്ധമായി ചെയ്തു എന്നെല്ലാം പരസ്യമായി പറയുന്ന രീതിയോട് യോജിപ്പില്ല.യുക്തിഭദ്രമല്ല ഇതൊന്നും.ഇതെല്ലാം കാണുമ്പോൾ എന്തോ രാഷ്ട്രീയ താൽപര്യം അദ്ദേഹത്തിനുണ്ടെന്നു തോന്നും. പല പ്രസ്താവനകളും അങ്ങനെയാണ്.

കണ്ണൂർ വിസിയെ നിയമിക്കാനായി മന്ത്രി ആർ. ബിന്ദു ഗവർണർക്കു കത്തു നൽകിയ നടപടി തെറ്റാണെന്നും വി എസ് സുനിൽകുമാർ പറഞ്ഞു. കൃഷി മന്ത്രിയായിരിക്കെ കാർഷിക വാഴ്‌സിറ്റിയുടെ പ്രോ-ചാൻസലർ ആയിരുന്ന ആളാണ് ഞാനും. അന്നെല്ലാം വൈസ് ചാൻസലറുടെ   അടുത്തു പോലും കാര്യങ്ങൾ നേരിട്ടു സംസാരിക്കാറുണ്ടായിരുന്നില്ല. യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും  പറയാനുണ്ടെങ്കിൽ റജിസ്ട്രാറോടാണ് പറയുക. ഒരു നിവേദനം വന്നാൽ റജിസ്ട്രാർക്കാണ് കൈമാറുക. യൂണിവേഴ്‌സിറ്റിയുടെ സ്വയം ഭരണാധികാരത്തിന്റെ പവിത്രത കാത്തു സൂക്ഷിച്ചാണ് സാധാരണ മന്ത്രിമാർ പ്രവർത്തിക്കുക. അതുകൊണ്ടാണ് പാർട്ടി സെക്രട്ടറി അങ്ങനെ പറഞ്ഞത്. അതാണു ശരി.- വി എസ് സുനിൽകുമാർ വ്യക്തമാക്കി. 

എൽഡിഎഫ് പ്രകടന പത്രികയിലെ വലിയ സ്‌കീമാണ് കെ-റെയിൽ എന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണ് ഹൈസ്പീഡ് റയിൽ കോറിഡോറിനെക്കുറിച്ച് ആദ്യം ചർച്ച നടത്തിയത്. അന്നു സർവകക്ഷി യോഗത്തിൽ സിപിഐയെ പ്രതിനിധീകരിച്ചത് ഞാനും കെ.പ്രകാശ്ബാബുവുമായിരുന്നു. തിരുവനന്തപുരം മുതൽ കാസർകോട് വരെ വളരെ വേഗം സഞ്ചരിക്കാൻ കഴിയുന്ന ഒരു  റയിൽപാത കേരളത്തിന് ആവശ്യമാണെന്ന നിലപാടാണ് അന്നും പാർട്ടിക്ക് ഉണ്ടായിരുന്നത്. ഇടതുപക്ഷം അതിനെ എതിർത്തിട്ടില്ല. എക്‌സ്പ്രസ് ഹൈവേയെ ഞങ്ങൾ എതിർത്തിട്ടുണ്ട്. ഉമ്മൻചാണ്ടിയുടെ പദ്ധതിയോട് അങ്ങനെ സമീപനം ഉണ്ടായിട്ടില്ല. 

പക്ഷേ ഉമ്മൻചാണ്ടിയുടെ കാലത്തു തന്നെ ആ പദ്ധതി പ്രായോഗികമല്ലെന്നു തീരുമാനിച്ചു വേണ്ടെന്നു വയ്ക്കുകയും പകരം സബർബൻ റയിൽപദ്ധതി ആവിഷ്‌കരിക്കുകയും ചെയ്തില്ലേ?അതു വേണ്ടെന്നു വച്ചു താങ്കൾ ഉൾപ്പെടെയുള്ള കഴിഞ്ഞ മന്ത്രിസഭയല്ലേ സിൽവർ ലൈൻ  ആവിഷ്‌കരിച്ചത് എന്ന ചോദ്യത്തിന് സുനിൽകുമാർ നൽകിയ മറുപടി ഇങ്ങനെ; 

യുഡിഎഫിന്റെ എക്‌സ്പ്രസ്‌ഹൈവേയെ ഞങ്ങൾ ശക്തമായി എതിർത്തിട്ടുണ്ട്. അന്ന് ആദ്യം അതിനെ എതിർത്തത് ഞങ്ങളുടെ നേതൃത്വത്തിൽ എഐവൈഎഫ് ആയിരുന്നു. പിന്നീടാണ് പാർട്ടി അതിലേക്ക് വന്നത്. മലയോര ഹൈവേയും തീരദേശ പാതയും വികസിപ്പിക്കുക, നിലവിലുള്ള ഹൈവേയുടെ വീതി വർധിപ്പിക്കുക, ദേശീയ ജലപാത എന്നിവയാണ് ബദലായി  നിർദേശിച്ചത്. ഒപ്പം നമ്മുടെ നിലവിലുള്ള റയിൽപാതയുമായി ചേർന്ന് ഒരു സെമി ഹൈസ്പീഡ് കോറിഡോർ ആരംഭിക്കുക എന്ന നിർദേശവും വച്ചു. കാസർകോടു മുതൽ തിരുവനന്തപുരം വരെ ഇപ്പോഴത്തെ ഇരട്ടി വേഗത്തിൽ പോകാൻ കഴിയുന്ന ഒരു പാത വേണമെന്ന് അന്നു തന്നെ ഞങ്ങൾ അഭിപ്രായപ്പെട്ടതാണ്. അത് എൽഡിഎഫും സിപിഐയും വളരെ കാലമായി പറയുന്ന കാര്യമാണ്. വേഗത്തിലുള്ള ഒരു റയിൽപാത വരുന്നതിനെ എതിർക്കേണ്ട കാര്യമില്ല. സാമ്പത്തികമായി പ്രായോഗികമാണോ എന്നതു സംസ്ഥാനത്തിന്റെ ധനകാര്യസ്ഥിതിയെ ആശ്രയിച്ചിരിക്കും. അസാധ്യമെന്നു തോന്നുന്ന കാര്യങ്ങൾ നടപ്പാക്കുക എന്നതാണല്ലോ സർക്കാരിന്റെ ഇച്ഛാശക്തി. 

പാർട്ടി നിലപാടിൽ നിന്നേ തനിക്കു സംസാരിക്കാൻ കഴിയൂയെന്നും അദ്ദേഹം പറഞ്ഞു. എതിർപ്പിനു കാരണമായ വസ്തുതകൾ സർക്കാരിനു പരിശോധിച്ചേ പറ്റൂ. ഒരു ഇടതുപക്ഷ സർക്കാരിന് ബുൾഡോസ് ചെയ്തു വികസനം നടപ്പാക്കാൻ കഴിയില്ല. അതു സർക്കാർ ചെയ്യില്ല.ഒരു ജനാധിപത്യ സ്വഭാവം ഉണ്ടായേ പറ്റൂ. അതുകൊണ്ടാണ് പദ്ധതിയെ അംഗീകരിക്കുമ്പോൾ തന്നെ ആശങ്കകൾ തീർക്കണമെന്ന് സംസ്ഥാന സിപിഐ സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടത്.പക്ഷേ എക്‌സ്പ്രസ് ഹൈവേയെ വരെ അംഗീകരിച്ച കോൺഗ്രസും യുഡിഎഫും ഇതിനെ എതിർക്കുന്നതിൽ എന്താണ് അർഥം? രാജ്യത്തു പലയിടത്തും ഇതിലും വലിയ പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കുന്ന ബിജെപി എതിർക്കുന്നതിൽ എന്താണ് കാര്യം? എതിർപ്പിലുള്ള സത്യസന്ധത എത്രമാത്രം എന്നതാകും ഏതു വികസനപദ്ധതിക്കും നിർണായകം. ജനങ്ങളെ എല്ലാം ബോധ്യപ്പെടുത്തിക്കൊണ്ടു പദ്ധതി നടപ്പാക്കാനാകും സർക്കാർ ശ്രമിക്കുക.എതിർക്കുന്ന എല്ലാവരും വികസന വിരോധികളാണെന്ന അഭിപ്രായവും ഇല്ല. ജനങ്ങളെ പൂർണമായും വിവരങ്ങൾ അറിയിക്കാൻ ബാധ്യതയുണ്ടെങ്കിൽ വിശദമായ പദ്ധതി റിപ്പോർട്ട്( ഡിപിആർ) സർക്കാർ പുറത്തു വിടേണ്ടതല്ലേയെന്ന ചോദ്യത്തിന് അങ്ങനെയെ സർക്കാർ ചെയ്യൂയെന്നും അദ്ദേഹം പറഞ്ഞു. വെറുതെ ഭയവിഹ്വലരാക്കേണ്ടതിലേക്ക് കാര്യങ്ങൾ എത്തിക്കേണ്ടതില്ല. സർക്കാരിനെതിരെ ഒരു വിഷയം കിട്ടി, എന്നാൽ പിന്നെ കത്തിച്ചുകളയാം എന്ന രീതിയിലാണ് പലരും സമീപിക്കുന്നത്. ഉയരുന്ന പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കാം എന്നതിലേക്കാണു സമീപനം മാറേണ്ടത്- വി എസ് സുനിൽകുമാർ പറഞ്ഞു. 

English Summary : v s sunilkumar on governor controversyRelated News

Other News


Trending

View all

LATEST STORIES FROM Kerala Voter