ACS Technology

News

കരുത്തന്മാരും കടുപ്പക്കാരും, കാർ കയറി ഇറങ്ങിയാലും കൂളായി എഴുന്നേറ്റ് നടന്ന് പോകും; വണ്ടുകളെക്കുറിച്ച് വിജയകുമാർ ബ്ലാത്തൂർ

Social Media

ജീവലോകത്തെ തന്നെ ഏറ്റവും കരുത്തന്മാരും കടുപ്പക്കാരും ആയവർ ചില വണ്ടുകളാണെന്ന് പറയുകയാണ് വിജയകുമാർ ബ്ലാത്തൂർ. 
പൊതുവെ എല്ലാ വണ്ടുകളുടെയും മേൽച്ചിറക് ഉറപ്പുള്ള ഒരു മൂടി പോലെ പരിണമിച്ചിട്ടുണ്ടാകും. അതിന് എലിട്ര എന്നാണ് പറയുക. പറക്കാൻ എലിട്രയ്ക്ക് അടിയിലെ പിൻചിറകാണ് ഉപയോഗിക്കുക. വണ്ടുകളെ Coleoptera എന്ന ഓർഡറിലാണ് ഉൾപ്പെടുത്തീട്ടുള്ളത്. കവച ചിറക് എന്ന അർത്ഥം വരുന്ന koleopteros എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ഈ പ്രയോഗം വന്നത്. അരിസ്റ്റോട്ടിലാണ് ഇങ്ങനെ ഒരു പേര് നൽകിയത്.  ഉറപ്പുള്ള ഈ കവചച്ചിറകിന്റെ പ്രത്യേകതകൾ വെച്ച്  തന്നെ ഇവയെ ആയിരക്കണക്കിന് സ്പീഷിസുകൾ ആയി തിരിച്ചിട്ടുണ്ട്. മുങ്ങാങ്കുഴി വണ്ടുകൾ ( Diving beetle) ഈ എലിട്രയ്ക്ക് ഉള്ളിൽ ജീവവായു പൊത്തിപ്പിടിച്ച് മുങ്ങിയാണ് ശ്വാസം കഴിക്കുക. പല വർണത്തിലും തിളക്കത്തിലും ഉള്ള എലിട്രകൾ മൂലം ആഭരണങ്ങൾക്കും അലങ്കാരങ്ങൾക്കും വണ്ടുകളെ ഉപയോഗിക്കാറുണ്ടായിരുന്നു.  മൊത്തം നാല് ലക്ഷത്തോളം ഇനം വണ്ടുകളെ ഇതുവരെയായി  കണ്ടെത്തീട്ടുണ്ടെങ്കിലും ഓരോ ദിവസവും എന്ന് പറഞ്ഞതു പോലെ ഗവേഷകർ പുതിയ വണ്ടുകളെ കണ്ടെത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഭൂമിയിലെ പ്രാണിവർഗങ്ങളുടെ 40% ഇവരാവും . മൊത്തം ജീവവർഗത്തിന്റെ 25% വണ്ടുകളാവും. ദശലക്ഷക്കണക്കിന് വണ്ട് ഇനങ്ങൾ ഭൂമിയിൽ ഉണ്ടാവും എന്നാണ് കരുതപ്പെടുന്നത്. 

Zopheridae കുടുംബത്തിൽ പെട്ട   Phloeodes diabolicus  എന്ന വണ്ടാണ്  ഏറ്റവും ഉറപ്പുള്ള പുറം കവചമുള്ള ജീവിയായി  ഇപ്പോൾ കണക്കാക്കപ്പെടുന്നത്.  ഈ വണ്ടിന്റെ ദേഹത്ത് കൂടി കാർ കയറി ഇറങ്ങിയാലും കൂളായി എഴുന്നേറ്റ് നടന്ന് പോകും. കഠിന രൂപമുള്ളതിനാൽ  diabolical ironclad beetle എന്ന  കിടിലോൽക്കിടിലൻ പേരിൽ ആണ് ഇത് അറിയപ്പെടുന്നത് . ധൃതരാഷ്ട്ര ആലിംഗനം കൊണ്ടൊന്നും ഈ ഘടോൽക്കച വണ്ടിനെ ഞെക്കി ഉടച്ച്  പൊടിയാക്കാൻ പറ്റില്ല.സ്വന്തം ഭാരത്തിന്റെ 39000 മടങ്ങ് ഭാരം താങ്ങും. മനുഷ്യന്റെ കണക്കിൽ  നാൽപ്പത് യുദ്ധ ടാങ്ക്  ഭാരം ദേഹത്ത് കൂടി കയറിയാലുള്ള അവസ്ഥ. 

അതുപോലെഭാരോദ്വഹനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ചാണക വണ്ടുകളാണ്. Onthophagus taurus എന്ന ഇനം മനസുവെച്ചാൽ അതിന്റെ ഭാരത്തിന്റെ 1141 മടങ്ങ് ചാണകം വരെ ഉരുട്ടി നീക്കും. നിറയെ ആളുകളുള്ള ആറ് ഡബിൾ ഡക്കർ ബസിന്റെ ഭാരം ഒരുസാധാരണ മനുഷ്യൻ ഉരുട്ടി നീക്കികൊണ്ടുപോകുന്നതിനു തുല്യമാവും അത്.

ആധുനിക മൈക്രോസ്‌കോപ്പി പഠനങ്ങളും , മെക്കാനിക്കൽ പരിശോധനകളും കമ്പ്യൂട്ടർ സിമുലേഷനും വഴി ഈ പുറം കവചത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാനായിട്ടുണ്ട്. ഇവയുടെ പുറം കവചം ഉണ്ടാക്കിയിരിക്കുന്നത് അതി സങ്കീർണ്ണമായ രൂപ ഘടനയിൽ ആണ്. വളറെ ചെറിയ ഉറപ്പുള്ള കുഞ്ഞ് ശൽക്ക പാളികൾ പരസ്പരം കുരുക്കി ജിഗ്സോ പസിലിലേത് പോലെ കൂട്ടിച്ചേർത്തിട്ടാണ് ഉണ്ടാക്കിയിട്ടുള്ളത്. മൈക്രോസ്‌കോപിക് രൂപത്തിലുള്ള സൂക്ഷ്മ ഫൈബർ പാളികൾ മുതൽ കണ്ണുകൊണ്ട് കാണാൻ കഴിയുന്ന വലിപ്പത്തിലുള്ള പാളികൾ വരെ വ്യത്യസ്ഥ രൂപത്തിലും വലിപ്പത്തിലും ഉള്ള നൂറുകണക്കിന് ചെറു കഷണങ്ങൾ ചേർന്നതാണ് ജിഗ്സോ പീസുകൾ. ഇത്തരം പാളികൾ ചേർന്നുള്ള മൂന്ന് വ്യത്യസ്ത പാളികൾ പ്രോട്ടീൻ ബന്ധിതമായ ആൽഫ-chitin പോളി സാക്കറൈഡ് ഫൈബറുകളാൽ പരസ്പരം പിണഞ്ഞ helicoid രൂപത്തിൽ ആണ് ഉണ്ടാവുക . ഈ പ്രത്യേക ഘടനയാണ് ഇവയ്ക്ക് അത്ഭുതകരമായ കാഠിന്യവും ബലവും നൽകുന്നതും മുകളിൽ നിന്നുള്ള ആഘാത ബലത്തെ ആഗിരണം ചെയ്ത് വിന്യസിപ്പിക്കാനും സഹായിക്കുന്നത്. കൂടാതെ മുൻചിറകുകളുടെ രൂപമാറ്റം വഴി ഉണ്ടായ എലിട്ര, രണ്ടാം ചിറക് അടിയിൽ ഇല്ലാത്തതിനാൽ എലിട്ര പാളികൾ പരസ്പരം കൂടി ഒന്നായ് ചേർന്ന് ആണ് ഉണ്ടാവുക. അവ ചേരുന്ന അരികുകൾ നമ്മുടെ തലയോട്ടിലെ സൂച്ചറുകൾ പോലെ, മുൻ ഭാഗത്തും പിറകു ഭാഗത്തും പ്രത്യേക രീതിയിൽ ആണ് യോജിപ്പിച്ചിട്ടുണ്ടാകുക. അതിനാൽ എത്ര അമർന്നാലും ആന്തരിക അവയവങ്ങൾക്ക് കേട് സംഭവിക്കുന്നില്ല എന്നത് കൂടാതെ പുറം പാളിക്ക് രൂപ മാറ്റവും വരുകയില്ല.

സാധാരണ വണ്ടുകൾക്ക് ഒക്കെയും ഉരുളൽ ശരീര രൂപം ആണുണ്ടാകുക. എന്നാൽ ഉരുക്ക് കവച ചെകുത്താൻ വണ്ടിന്റെ ശരീരം പരന്ന് നിലത്തോട് ചേർന്ന വിധത്തിലാണ്. അതിനാൽ തന്നെ പരന്ന ഇതിനെ ചവിട്ടി അമർത്തി കൊല്ലുക എന്നത് എളുപ്പമല്ല. ബലം ഒരു സ്ഥലത്ത് മാത്രമായി കേന്ദ്രീകരിക്കുന്നതിനു പകരം ശരീരത്തിന്റെ മൊത്തം പരപ്പിൽ വിതരണം ചെയ്യപ്പെടുന്നു.പുതിയ എഞ്ചിനിയറിങ്ങ് സാങ്കേതിക വിദ്യകളുടെ ഭാഗമായി ഭാരം താങ്ങുന്നതും ഏറ്റവും ഉറപ്പുള്ളതും ആയ ഘടകങ്ങൾ വികസിപ്പിക്കുന്നതിനായി ഘടോൽക്കച വണ്ടിന്റെ പുറംപാളി ഘടനയെ മാതൃകയാക്കിയുള്ള പഠന ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അമർന്ന് ഞെരുങ്ങി രൂപമാറ്റം വരുത്താൻ പറ്റുന്ന റോബോട്ടിക്ക് മോഡലുകളുടെ ഡിസൈനിനും ഈ വണ്ടിന്റെ അത്ഭുത സ്വരൂപം മാതൃകയാക്കുന്നുണ്ട്.

ഭാരോദ്വഹനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ചാണക വണ്ടുകളാണ്. സ്വന്തം ഭാരത്തിന്റെ എത്രയോ മടങ്ങ് ഭാരമുള്ള വലിയ ചാണക ബോളുകൾ ഉരുട്ടി കൊണ്ടുപോകാൻ ഇവർക്ക് കഴിയും. Onthophagus taurus എന്ന ഇനം മനസുവെച്ചാൽ അതിന്റെ ഭാരത്തിന്റെ 1141 മടങ്ങ് ചാണകം വരെ ഉരുട്ടി നീക്കും. നിറയെ ആളുകളുള്ള ആറ് ഡബിൾ ഡക്കർ ബസിന്റെ ഭാരം ഒരുസാധാരണ മനുഷ്യൻ ഉരുട്ടി നീക്കികൊണ്ടുപോകുന്നതിനു തുല്യമാവും അത്. നല്ല ഭംഗിയിൽ പീരങ്കിയുണ്ടപോലെ പച്ചച്ചാണകം ഉരുട്ടിയുണ്ടാക്കി അതുമായി ജോറിൽ പോകുന്ന കറുത്ത കുഞ്ഞൻ വണ്ടുകളാണ് ചാണകവണ്ടുകൾ. നമ്മുടെ നാറാണത്ത് ഭ്രാന്തനെപ്പോലെ കുന്നിനുമുകളിലേക്കൊന്നുമല്ല ഉരുട്ടൽ എന്നുമാത്രം. സർക്കസുകാരെപ്പോലെ തലകുത്തിനിന്ന് പിങ്കാലുകൊണ്ട് നിരപ്പിലൂടെ ചവിട്ടി ഉരുട്ടിയും ഇടക്ക് അതിനുമുകളിൽ കേറി ചുറ്റും നിരീക്ഷിച്ചും, കൊമ്പുകൊണ്ട് കുത്തിത്തിരിച്ചും കഷ്ടപ്പെട്ട് ഇവർ വിശ്രമമില്ലാതെ നീങ്ങും. കൊമ്പൂക്കുള്ള മറ്റൊരു വണ്ട് വന്ന് അതിനിടയിൽ കുത്തിമറിച്ചും അടികൂടിയും ചാണക ലഡു പിടിച്ചെടുത്ത് സ്വന്തമാക്കുന്നതും കാണാം. ഇവരുടെ ജീവചക്രം പൂർത്തിയാക്കുന്നത് ചാണകത്തിലൂടെ ആണ്. ഭക്ഷണം മാത്രമല്ല ഇത് എന്ന് സാരം. അതിനുള്ളിലാണ് മുട്ടയിടുന്നതും വിരിയിക്കുന്നതും. മുട്ട വിരിഞ്ഞിറങ്ങുന്ന ചാണക വണ്ടിന്റെ ലാർവപ്പുഴുക്കളെ അങ്ങിനെ എളുപ്പം പുറത്ത് കാണാൻ കിട്ടില്ല. മണ്ണിനടിയിൽ ഒളിച്ച് വെച്ച ചാണകത്തിനുള്ളിലാണല്ലോ അവയുടെ ജീവിതം. ചാണകത്തിനുള്ളിൽ തന്നെ പ്യൂപ്പാവസ്ഥയിലിരുന്നു വണ്ടുകളായി ജീവചക്രം പൂർത്തിയാക്കിയാണ് പുറത്ത് വരിക.

ലോകത്തെങ്ങുമായി ആറായിരത്തിൽ അധികം ചാണകവണ്ടിനങ്ങൾ ഉണ്ട്. നാൽക്കാലി സസ്തനികളുടെ വിസർജ്ജ്യം മാത്രമല്ല മനുഷ്യരുടേതടക്കം ഏത് അപ്പിയും ഇവർക്ക് പ്രിയ ബിരിയാണിതന്നെ. മേഞ്ഞുനടക്കുന്ന മൃഗങ്ങൾ അവിടവിടെ കാഷ്ടിച്ച് വെക്കുന്നതു മുഴുവൻ മണിക്കൂറുകൊണ്ട് തിന്നുതീർത്തും, പലയിടങ്ങളിലേക്ക് ഉരുട്ടിക്കൊണ്ടുപോയും, നിലം ക്ലീൻ ആക്കുന്നത് പ്രധാനമായും ഇവരാണ്. ചാണകം പറമ്പിൽ അവിടവിടെ കൂടിക്കിടന്നിരുന്നെങ്കിൽ പല സൂക്ഷ്മാണുക്കളും അതിൽ വളരുമായിരുന്നു, ഈച്ചകളും മറ്റ് പ്രാണികളും പെറ്റുപെരുകി നമുക്ക് രോഗങ്ങൾ കൂട്ടുകയും ചെയ്യും. ചാണകം മണ്ണിൽ വീണകാര്യം ഗ്രഹിച്ചെടുത്ത് നിമിഷം കൊണ്ടിവർ ഹാജർ രേഖപ്പെടുത്തും. ചിലർ പശുക്കൾക്കും മറ്റും ഒപ്പം വിടാതെ കൂടെക്കൂടും . ചാണകമിടുന്നത് കാത്ത് ചുറ്റുവട്ടത്ത് ഒളിച്ച് നിൽക്കും. ഉണക്കം കൂടുന്നതിനുമുന്നെ തിന്നാനാണിവർക്കിഷ്ടം.

മൂന്ന് വിധത്തിലുള്ള ചാണക ജീവിതക്കാരാണുള്ളത്. ചാണകം ദൂരേക്ക് ഉരുട്ടികൊണ്ടുപോയി കുഴികുത്തി ഒളിച്ച് വെച്ച് അത് തിന്ന് മുട്ടയിട്ട് വിരിയിച്ച് ജീവിക്കുന്ന ഉരുട്ട് വിഭാഗം. ചാണകക്കുന്തിക്ക് താഴെയും ചുറ്റുമായി മണ്ണിനടിയിലേക്ക് തുരന്നു മാളങ്ങളുണ്ടാക്കി അതിലേക്ക് കഴിയുന്നത്ര ചാണകം കൊണ്ടുപോയി സൂക്ഷിച്ച് ഉപയോഗിക്കുന്ന രണ്ടാം ഇനം. മടിയന്മാരാണ് മൂന്നാമത്തെ കൂട്ടർ, ചാണകം എങ്ങോട്ടും കൊണ്ടുപോകാനൊന്നും മിനക്കെടില്ല. അതിൽ തന്നെ തിന്ന്ജീവിച്ച് മുട്ടയിട്ട് വിരിയിക്കുന്ന പഹയർ. Scarabaeidae കുടുംബത്തിൽ പെട്ട ഇവരിൽ നമ്മുടെ നാട്ടിൽ കാണുന്ന ഉരുട്ടുവണ്ടുകൾ സിസിഫസ് (Sisyphus) ജീനസിൽ പെട്ടവയാണ്. മാളം തുരപ്പന്മാർ ഓന്തോഫാഗസ് ( Onthophagus ) കോപ്രിസ് (copris ) എന്നീ ഇനത്തിലും മടിയന്മാർ ഒണിറ്റിസെല്ലസ് (oniticellus) ടിനിഓസെല്ലസ് (tiniocellus) എന്നീ ഇനത്തിലും പെട്ട ചാണകവണ്ടുകളാണ്. തുരപ്പന്മാരുടെ ചില മാളങ്ങൾ പരസ്പരം കൂട്ടിമുട്ടും ഒരാളുടെ ചാണകം വേറെ ആൾ മോഷ്ടിക്കുന്ന ചതികളുണ്ട്.

ഇത്തിരി ചാണകവും നൂറായിരം വണ്ടുകളും എന്ന അവസ്ഥയുള്ളപ്പോൾ ചാണകത്തിനായുള്ള മത്സരം കടുത്തതായിരിക്കും. അതിജീവനത്തിനും വംശവർദ്ധനയ്ക്കുമായുള്ള ഈ സമരത്തിൽ ചാണകമുരുട്ടി വണ്ടുകൾ തന്ത്രപരമായ ചില നിലപാടുകൾ എടുക്കും. ആദ്യമെത്തി, കൂടുതൽ ചാണകം കൂടുതൽ ദൂരെ എത്തിച്ച് മറ്റുള്ളവർ തട്ടിഎടുക്കാതെ നോക്കുന്നവരാണല്ലോ സമർത്ഥന്മാർ. കൂടുതൽ കരുത്തർ എത്തിയാൽ കൈയൂക്ക് ബലത്തിൽ, കൊമ്പൂക്ക് തന്ത്രത്തിൽ തന്റെ ചാണകയുണ്ട തട്ടിയെടുത്ത് കൊണ്ടു പോകും എന്ന അപകടവും ഉള്ളതിനാലാണ് ഇവർ ആക്രാന്തക്കളികളിക്കുന്നത്. ചണക കേന്ദ്രത്തിൽ നിന്നും ആവുന്നത്ര ദൂരെ സുരക്ഷിത ഇടത്തിലേക്ക് ഉരുട്ടി എത്തിച്ച് ഒരു കുഴികുഴിച്ച് അതിലിട്ട് മൂടി ഒളിച്ച് വെക്കാനാണ് ഈ ഓട്ടം. ഋജു രേഖയിൽ വേണം യാത്ര. ദിശ തെറ്റിയാൽ ചിലപ്പോൾ കറങ്ങിത്തിരിഞ്ഞ് തുടങ്ങിയ സ്ഥലത്ത് കൂടുതൽ മത്സരാർത്ഥികളുടെ ഇടയിൽ തന്നെ എത്തിയാൽ അധ്വാനിച്ചതൊക്കെ വെറുതെയാകും.

മണ്ണും ചാരി നിന്നവൻ
തൂണും ചാരി നിന്നവൻ ചാണകയുണ്ടയും കൊണ്ടു പോകുന്നത് കണ്ട് നിൽക്കേണ്ടി വരും. നേരെ വെച്ചുപിടിച്ചുള്ള ഉരുട്ടലിന് എന്ത് സൂത്രമാണിവർ ഉപയോഗിക്കുന്നത് എന്നത് ശാസ്ത്രകൗതുകമായിരുന്നു. സ്വീഡനിലെ ലൻഡ് സർവകലാശാലയിൽ നടന്ന പഠനങ്ങൾ 'കറന്റ് ബയോളജി' യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൂര്യനു ചുറ്റും പ്രത്യക്ഷപ്പെടുന്ന സമമിതിയിലുള്ള പോളറൈസ് പാറ്റേണുകൾ (symmetrical pattern of polarized light) തിരിച്ചറിയാൻ ഈ വണ്ടുകൾക്ക് സാധിക്കുന്നു. നമുക്ക് ഈ പാറ്റേണൂകൾ കാണാനുള്ള റിസപ്റ്ററുകൾ കണ്ണിലില്ല. ഇവർക്ക് ഇതുപയോഗിച്ച് നേർ യാത്ര സാദ്ധ്യമാണ്. രാത്രിയിൽ ഇതിന്റെ പരിമിതി മറികടക്കാൻ ഇവർ ഉപയോഗിക്കുന്ന രീതിയാണ് ശരിക്കും ഞെട്ടിപ്പിച്ചത്. രാത്രി യാത്രകൾക്ക് സ്ഥാന നിരണ്ണയത്തിനായി ഇവർ ആകാശഗംഗയുടെ ദൃശ്യ ചിത്ര സഹായം ഉപയോഗിക്കുന്ന ഏക ജീവിയാണെന്നതും അത്ഭുതകരമായ പുതിയ അറിവാണ് - ഗവേഷകരായ എറിക്ക് വാറന്റും സംഘവും ആഫ്രിക്കയിലെ രാത്രിസഞ്ചാരികളായ Scarabaeus satyrus എന്നയിനം വണ്ടുകളെ ഉപയോഗിച്ച് പ്ലാനറ്റോറിയങ്ങളിൽ വെച്ച് നടത്തിയ പരീക്ഷണങ്ങളിൽ ആകാശഗംഗയാണ് ഇവരെ സഹായിക്കുന്നത് എന്ന് മനസിലാക്കി.

English Summary : vijayakumar blathur about beetles



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter