ACS Technology

News

അന്ന് ബോബി, ഇന്ന് അനന്തൻ; ശബ്ദം കൊണ്ട് വീണ്ടും അത്ഭുതപ്പെടുത്തി വിനീത് 

Trending

മോഹൻലാൽ നായകനായ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിലെ കൂൾ വില്ലനായ ബോബിക്ക് ശബ്ദം നൽകി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയത് നടൻ വിനീതായിരുന്നു. ഇപ്പോഴിതാ മരയ്ക്കാറിൽ തെന്നിന്ത്യൻ താരം അർജുൻ സർജ അവിസ്മരണീയമാക്കിയ അനന്തൻ എന്ന കഥാപാത്രത്തിനും ശബ്ദം നൽകി കൈയ്യടി നേടിയിരിക്കുകയാണ് വിനീത്. മരയ്ക്കാറിന്റെ ട്രെയ്‌ലർ റിലീസ് മുതൽ പ്രേക്ഷകരുടെ ഉളളിൽ കയറിക്കൂടിയ ശബ്ദമായിരുന്നു അത്. 

സംസ്ഥാന പുരസ്‌കാരത്തിന് തന്നെ അർഹനാക്കിയ സിനിമകൾ ലൂസിഫറും മരക്കാറുമാണെന്ന് വിനീത് പറയുന്നു. രണ്ടു വിഭിന്ന ശൈലിയിലുള്ള കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയതിനെ ജൂറി പ്രത്യേകം പരാമർശിച്ചിരുന്നുവെന്നും വിനീത് വ്യക്തമാക്കി. മരക്കാറിന്റെ ഡബ്ബിങ്ങിനെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് മൈക്കിനു മുമ്പിൽ എന്റെ തൊട്ടടുത്തു നിന്നിരുന്ന പ്രിയദർശനയാണെന്നും വിനീത് പറഞ്ഞു. 'പ്രിയേട്ടൻ എന്റെ അടുത്തിരുന്ന് ഡബ്ബ് ചെയ്യിപ്പിച്ച സിനിമയാണിത്. സാധാരണ സംവിധായകർ കൺസോൾ റൂമിലാണ് ഇരിക്കുക. പക്ഷേ, പ്രിയേട്ടൻ എനിക്കൊപ്പം വോയ്‌സ് ബൂത്തിൽ ഇരുന്നു. സത്യത്തിൽ ഞാൻ നെർവസ് ആയിപ്പോയി. എങ്ങനെ വേണമെന്ന് അദ്ദേഹം കൃത്യമായി പറഞ്ഞു തന്നു. തിരക്കഥയിൽ എഴുതി വച്ചിരുന്ന സംഭാഷണങ്ങൾ അങ്ങനെ തന്നെ പറയുകയായിരുന്നു'.- വിനീത് പറഞ്ഞു. മനോരമ ഓൺലൈനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അർജുൻ സാറിനെ ആ കഥാപാത്രമായി തിരശീലയിൽ കാണുമ്പോൾത്തന്നെ ആ കഥാപാത്രത്തിന്റെ ഫീൽ ലഭിച്ചു. മങ്ങാട്ടച്ചന്റെ മകനും ധീരനായ പോരാളിയുമാണ് അനന്തൻ. അതെല്ലാം അദ്ദേഹത്തിന്റെ സംഭാഷണത്തിൽ പ്രതിഫലിക്കണം. അത്തരത്തിൽത്തന്നെ പ്രേക്ഷകർക്ക് അനുഭവപ്പെട്ടു എന്നറിയുമ്പോൾ സന്തോഷം. അർജുൻ സാറുമായുള്ള ബന്ധം ഏറെ വർഷങ്ങളായുള്ളതാണ്. ശങ്കർ സർ സംവിധാനം ചെയ്ത 'ജെന്റിൽമാൻ' എന്ന സിനിമയിൽ ഞങ്ങൾ ഒരുമിച്ചു അഭിനയിച്ചിട്ടുണ്ട്. അന്നു മുതലുള്ള ബന്ധമാണ്. പിന്നീട്, അദ്ദേഹം സംവിധാനം ചെയ്ത വേദം എന്ന സിനിമയിൽ ഞാൻ അഭിനയിക്കുകയും ചെയ്തു. ഞാനും ദിവ്യ ഉണ്ണിയുമൊക്കെ ആ സിനിമയിലുണ്ടായിരുന്നു. കൂടാതെ ഡോ.പദ്മ സുബ്രഹ്‌മണ്യത്തിന്റെ ശിഷ്യയാണ് അദ്ദേഹത്തിന്റെ ഭാര്യ. ഞങ്ങളുടെ എല്ലാ പരിപാടികളും കാണാൻ അർജുൻ സർ വരും. മരക്കാറിൽ അതിമനോഹരമായ ഒരു കഥാപാത്രത്തെയാണ് അർജുൻ സർ അവതരിപ്പിച്ചത്. ലാലേട്ടനുമായുള്ള കോംബിനേഷൻ സീക്വൻസുകളും കുഞ്ഞാലിയെക്കുറിച്ചു പറയുന്ന ഭാഗവുമൊക്കെ മനോഹരമായി എഴുതപ്പെട്ടതാണ്. എന്റെ ശബ്ദം അദ്ദേഹത്തിന്റെ പ്രകടനത്തെ കോംപ്ലിമെന്റ് ചെയ്തു. അതിൽ കയ്യടി അർഹിക്കുന്നത് തീർച്ചയായും സംവിധായകൻ പ്രിയദർശനാണ്. അദ്ദേഹമാണല്ലോ ഈ ചിത്രം ആവിഷ്‌കരിച്ചത്.

ശശിയേട്ടന്റെ മകൻ അനിയെക്കുറിച്ച് പറയാതിരിക്കാനാവില്ല. സിനിമയിലെ ഒരു ഭാഗം രണ്ടാമത് ഡബ്ബ് ചെയ്യേണ്ടി വന്നപ്പോൾ, അന്ന് എനിക്കു കാര്യങ്ങൾ പറഞ്ഞു തന്നത് അനി ആയിരുന്നു. 'കടലിൽ ജാലവിദ്യ കാണിക്കുന്ന ഒരു മാന്ത്രികനുണ്ട്' എന്ന രീതിയിൽ കുഞ്ഞാലിയെക്കുറിച്ച് അർജുൻ സാറിന്റെ കഥാപാത്രം പറയുന്ന സീക്വൻസുണ്ട്. അതു രണ്ടാമത് ചെയ്യേണ്ടി വന്നിരുന്നു. അതിന് എന്നെ സഹായിച്ചത് അനി ആയിരുന്നു. അദ്ദേഹം കൃത്യമായി എല്ലാം പറഞ്ഞു തന്നു. അനിയുടെയൊക്കെ വലിയ പിന്തുണ സിനിമയിലുണ്ടായിട്ടുണ്ട്. മരക്കാർ പോലുള്ള സിനിമയുടെ ഭാഗമാകുന്നത് തീർച്ചയായും വലിയൊരു അംഗീകാരമാണ്. അതിൽ വലിയ സന്തോഷം. മരക്കാർ ടീം വലിയ അഭിനന്ദനം അർഹിക്കുന്നുണ്ട്. എനിക്കിതുവരെ സിനിമ കാണാൻ സാധിച്ചിട്ടില്ല. ഡബ്ബ് ചെയ്തപ്പോൾ അർജുൻ സർ ചെയ്ത ഭാഗങ്ങൾ മാത്രമാണല്ലോ കാണാൻ കഴിയുക. ഇപ്പോൾ ചെന്നൈയിലാണ്. വൈകാതെ സിനിമ കാണും.- വിനീത് പറഞ്ഞു. 

English Summary : vineeth gave voice for arjun sarja who played anandan in marakkarRelated News

Other News


Trending

View all

LATEST STORIES FROM Kerala Voter