
അഭിനയത്തിന്റെ വിശ്വരൂപമായ മോഹന്‍ലാലിനായി മഹാഭാരതത്തിലെ ദേവാസുര രൂപങ്ങളും അനശ്വര മുഹൂര്‍ത്തങ്ങളും കൊത്തിവച്ച വിശ്വരൂപശില്പം പൂര്‍ത്തിയായി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ശില്പം നടന് മോഹന്‍ലാലിന്റെ വീട്ടില്‍ എത്തിക്കും. കോവളം ക്രാഫ്റ്റ് വില്ലേജിലാണ് 12 അടി ഉയരത്തിലുള്ള ഈ ശില്പം ഒരുങ്ങിയത്.
കുരുക്ഷേത്ര യുദ്ധത്തില്‍ എതിര്‍പക്ഷത്ത് ബന്ധുജനങ്ങളെ കണ്ട് തളര്‍ന്നിരുന്ന അര്ജുനന് മുന്നില്‍ ശ്രീകൃഷ്ണന് വിശ്വരൂപമായ പ്രത്യക്ഷപ്പെട്ടുവെന്നാണ് ഐതിഹ്യം. ശില്പത്തിന്റെ ഒരു വശത്ത് 11 മുഖമുള്ള വിശ്വരൂപവും മറുവശത്ത് പാഞ്ചജന്യം മുഴക്കുന്ന കൃഷ്ണനും ചുറ്റും ദശാവതാരവും കൊത്തിയെടുത്തിരിക്കുന്നു. 11 ശിരസുള്ള സര്‍പ്പം. ഇതിന് താഴെ നടുവില്‍ മഹാവിഷ്ണു. ഇരുവശത്തുമായി ദേവഹുരു ബ്രഹസ്പതി, നരസിംഹം, ശ്രീരാമന്, ശിവന്, വിഷ്ണു, ശ്രീകൃഷ്ണന്, ഇന്ദ്രന്, ഹനുമാന്, ഗരുഡന്, അസുരഗുരു ശുക്രാചാര്യന് എന്നിവരുടെ ശിരസുകളാണ് ഉള്ളത്. ശഖ്, ചക്ര, ഗദാ, ഖഡ്ഗങ്ങള്‍ പേറുന്ന 22 കൈകള്‍. ഇതാണ് മുകള്‍ ഭാഗത്തുള്ളത്. വിശ്വരൂപത്തിനു താഴെ ഗീതോപദേശവും ചൂതാട്ടവും പിന്നിലായി ശരശയ്യയിലെ ഭീഷ്മരും പാഞ്ചാലി വസ്ത്രാക്ഷേപവുമെല്ലാം ശില്പചാരുതയോടെ കാണാം. കാളിയമര്‍ദനവും കൃഷ്ണനും ഗോപികമാരും രൂപകല്പനയില് അടങ്ങിയിരിക്കുന്നു.
വെള്ളാറിലെ കലാഗ്രാമമായ ക്രാഫ്റ്റ് വില്ലേജില്‍ വെള്ളാര്‍ നാഗപ്പനും മറ്റ് 8 ശില്‍പികളുമുള്‍പ്പെട്ട സംഘത്തിന്റെ മൂന്നര വര്‍ഷത്തെ ശ്രമമാണ് വിശ്വരൂപം. 3 വര്‍ഷം മുന്‍പ് 6 അടിയില്‍ നിര്‍മിച്ച വിശ്വരൂപം നടന് മോഹന്‍ലാല്‍ വാങ്ങിയിരുന്നു. നടന്റെ നിര്‍ദേശാനുസരണമാണ് 12 അടിയിലെ വിശ്വരൂപം പണിതത്. അടുത്ത മാസം ആദ്യം ശില്പം മോഹന്‍ലാലിന്റെ ചെന്നൈയിലെ വീട്ടില്‍ എത്തിക്കും.
English Summary : vishwaroop sculpture completed for mohanlal
Tags : vishwaroop sculpture mohanlal