
പെരുമണ്ണയിൽ കിണറിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബീഹാർ സ്വദേശി സുഭാഷാണ് മരിച്ചത്. കിണറിൽ കുടുങ്ങിയ മറ്റൊരു തൊഴിലാളിയെ രക്ഷപ്പെടുത്തി.
മുണ്ടുപാലം മാർച്ചാലിയിൽ അങ്കണവാടിക്ക് സമീപം ഉമർ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടുവളപ്പിലാണ് അപകടം. പുതിയ വീടിനായി കുഴിക്കുന്ന കിണറിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ബീഹാർ സ്വദേശികളായ നാല് തൊഴിലാളികളും ഒരു മലയാളിയുമായിരുന്നു തൊഴിലാളി സംഘത്തിലുണ്ടായിരുന്നത്.
അപകടം നടക്കുമ്പോൾ രണ്ട് പേർ കിണറിനകത്തായിരുന്നു. മണ്ണ് കുതിർന്ന് നിൽക്കുന്നതിനാൽ പണിയെടുക്കാനാവില്ലെന്ന് അറിയിച്ചിരുന്നതായി രക്ഷപ്പെട്ട അർജുൻ പറഞ്ഞു. മൂന്ന് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് സുഭാഷിനെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും സുഭാഷ് മരിച്ചിരുന്നു.
English Summary : well collapsed in perumanna; one worker died