എന്തു ചെയ്യും തോമസ് മാഷിനെ ഇനി കോൺഗ്രസ്?

  1. Home
  2. Editor's Pick

എന്തു ചെയ്യും തോമസ് മാഷിനെ ഇനി കോൺഗ്രസ്?

എന്തു ചെയ്യും തോമസ് മാഷിനെ ഇനി കോൺഗ്രസ്?


Editors Pick

വിഭാകർ പ്രസാദ്‌
സമീപകാലത്ത് കേരളരാഷ്ട്രീയം കണ്ട ഏറ്റവും വലിയ തമാശയായി മാറുകയാണ് കെ.വി.തോമസും കോൺഗ്രസും തമ്മിലുള്ള ഉരസൽ. മല പോലെ വന്നത് എലി പോലെയാകുമോ എന്നതാണ് ഇപ്പോൾ ദൈനം ദിന രാഷ്ട്രീയം നിരീക്ഷിക്കുന്ന ആർക്കും തോന്നുന്നത്. പ്രത്യേകിച്ച് കെ.വി.തോമസിന്റെ ഏറ്റവും ഒടുവിലത്തെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ. സിപിഎമ്മിന് വേണ്ടി പ്രചാരണത്തിനിറങ്ങും പക്ഷേ കോൺഗ്രസ് വിടില്ല എന്ന മാഷിന്റെ പ്രസ്താവന അടുത്ത കാലത്ത് കേരളത്തിലുണ്ടായ ഏറ്റവും വലിയ തമാശയെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

പല ടേമുകൾ എംഎൽഎ, എംപി, കേന്ദ്ര-സംസ്ഥാന മന്ത്രിസ്ഥാനങ്ങൾ ഒക്കെ കോൺഗ്രസ് പാർട്ടിയുടെ പേരിൽ നേടിയിട്ടുള്ള ഒരു തലമുതിർന്ന നേതാവ് ഇത്രയധികം അപക്വമായ ഒരു പ്രസ്താവന ഒരു ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാലത്തിൽ പുറപ്പെടുവിച്ചത് ആരെയും ചിരിപ്പിക്കുന്നതാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തോമസ് മാഷിനെ അധികം പ്രകോപിപ്പിക്കേണ്ട എന്നു തീരുമാനിച്ചിരുന്ന സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിന് മാഷിന്റെ പുതിയ പ്രസ്താവന ഏതായാലും പിടി വള്ളിയായിരിക്കുകയാണ്. കെ.വി.തോമസിന്റെ രാഷ്ട്രീയവ്യക്തിത്വത്തിന്റെ പൊള്ളത്തരം വെളിപ്പെട്ടിരിക്കുന്നു എന്നാണ് കോൺഗ്രസ് പ്രവർത്തരും നേതാക്കളും ഒളിഞ്ഞും തെളിഞ്ഞും പറയുന്നത്. 

ഈ പ്രസ്താവനയുടെ ചുവട് പിടിച്ച് കേരളത്തിൽ വ്യാപകമായി പ്രചരിക്കുന്ന ട്രോളുകൾ തന്നെയാണ് കെ.വി.തോമസിന് കിട്ടാവുന്ന ഏറ്റവും വലിയ അടി എന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നു. കെ.വി.തോമസിന്റെ പ്രസ്താവന ഒന്നൊന്നര തമാശയെന്ന കെ.സി വേണുഗോപാലിന്റെയും തൃക്കാക്കരയിലേക്ക് ക്ഷണിക്കാനിതെന്താ കല്യാണമാണോ എന്ന വി.ഡി.സതീശന്റെയും പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത് , മാഷ് കുഴിച്ച കുഴിയിൽ മാഷ് തന്നെ വീണോളും എന്നാണ്കോൺഗ്രസിലെ ചിന്ത എന്നാണ്.
കുറഞ്ഞപക്ഷം പുറത്താക്കുന്നതുൾപ്പെടെയുള്ള കടുത്ത നടപടികളിലൂടെ  കെ.വി.തോമസ് എന്ന രാഷ്ട്രീയ തമാശയെ ഈ ഉപതിരഞ്ഞെടുപ്പ് കാലത്തെങ്കിലും വീണ്ടും ഗൗരവമായ വിഷയമാക്കാതെ അവഗണിച്ചു കളയാൻ തന്നെയാകും കോൺഗ്രസ് തീരുമാനം. 

അതേസമയം ഒറ്റനോട്ടത്തിൽ പൊള്ളയെന്ന് തോന്നുമെങ്കിലും ഇത്തരമൊരു പ്രസ്താവനയിലൂടെ കോൺഗ്രസിനെ പരമാവധി പ്രകോപിപ്പിക്കുകയെന്നതാണ് കെ വി തോമസ് ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെയാണ് പാർട്ടിയിൽ നിന്നും രാജിവെയ്ക്കാതെ പ്രചരണത്തിനിറങ്ങാൻ കെ വി തോമസ് തീരുമാനിച്ചത്. പാർട്ടിയിൽ നിന്നും ഇപ്പോൾ പുറത്താക്കപ്പെടുകയാണെങ്കിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ പ്രധാന പ്രചരണഘടകങ്ങളിലൊന്ന് താനായിരിക്കുമെന്നും അതുവഴി തന്റെ രാഷ്ട്രീയ മൈലേജ് വർധിക്കുമെന്നും തോമസ് മാഷ് കണക്കുകൂട്ടുന്നു. ഈ ട്രാപ്പിൽ കോൺഗ്രസ് വീഴുമോ എന്നതാണ് ഇനി അറിയേണ്ടത്. എന്നാൽ അതിനുളള സാധ്യത കുറവാണെന്നാണ് ഇതുവരെയുളള സൂചന. 

English Summary : What will Congress do with K V Thomas