ACS Technology

News

ആക്രി വിലയ്ക്ക് സെക്കൻഡ് ഹാൻഡ് മിറാഷ് യുദ്ധവിമാനങ്ങൾ ഇന്ത്യ വാങ്ങുന്നതെന്തിന്? ഫ്രഞ്ച് സ്ഥാപനവുമായി ഒപ്പിട്ട കരാറിനെ കുറിച്ച് അറിയേണ്ടതെല്ലാം

Mirage 2000 Fighter

Editors Pick

ഫ്രാൻസ് തങ്ങളുടെ ആവനാഴിയിൽ നിന്ന് ഒഴിവാക്കിയ ഉപയോഗിച്ചു പഴകിയ മിറാഷ് വിമാനങ്ങൾ വളരെ തുച്ഛമായ വിലകൊടുത്തു വാങ്ങാനുള്ള കരാറിൽ ഇന്ത്യയും ഫ്രാൻസിലെ സ്വകാര്യ സ്ഥാപനവും ഒപ്പുവച്ചു. എന്തുകൊണ്ടാണ് ഒരു വിമാനത്തിന് കഷ്ടിച്ച് പത്തുകോടി രൂപ മാത്രം നൽകി 24 സെക്കൻഡ് ഹാൻഡ് വിമാനങ്ങൾ ഇന്ത്യ വാങ്ങുന്നത്? അതറിയണമെങ്കിൽ ഇപ്പോൾ ഇന്ത്യയുടെ പക്കലുള്ള അമ്പത് മിറാഷ് വിമാനങ്ങൾ ഇൻഡ്യൻ എയർഫോഴ്‌സിനെ സംബന്ധിച്ച് എത്ര മൂല്യമുള്ളതാണെന്ന് അറിയണം.

മിറാഷ്: എയർഫോഴ്‌സിന്റെ ഡാർലിങ്‌
പരമ്പരാഗതമായി ഇന്ത്യൻ  എയർഫോഴ്‌സ് വിമാനങ്ങളിലെ മുക്കാൽ പങ്കും റഷ്യൻ നിർമിതമാണ്. 1999 ലെ കാർഗിൽ യുദ്ധസമയത്തും ഇതു തന്നെയായിരുന്നു സ്ഥിതി. എന്നാൽ കാർഗിൽ പർവതശിഖരങ്ങളിൽ തമ്പടിച്ചിരുന്ന പാക് പട്ടാളത്തെ തുരത്താൻ റഷ്യൻ നിർമിതമായ ഈ  വിമാനങ്ങൾക്ക് കഴിഞ്ഞില്ല. ഇതിനിടെ ഇൻഡ്യൻ എയർഫോഴ്‌സിന്റെ റഷ്യൻ നിർമിതമായ മിഗ് 21 പാക് സേന വച്ചിടുകയും മറ്റൊരു മിഗ് 27 യന്ത്രത്തകരാർ മൂലം പാക് പ്രദേശത്ത് തകർന്നു വീഴുകയും ചെയ്തു. തുടർന്നാണ് ഫ്രഞ്ച് നിർമിതമായ മിറാഷ് 2000 പോർ വിമാനങ്ങളെ ഇന്ത്യ കളത്തിലിറക്കുന്നത്. 

 
ഇതേത്തുടർന്ന്‌ ഗ്രൂപ് ക്യാപ്റ്റൻ രഘുനാഥ് നമ്പ്യാർ നേതൃത്വം കൊടുത്ത മിറാഷ് വിമാനങ്ങളുടെ ഫോർമേഷൻ ലേസർ ഗൈഡഡ് ബോംബുകളുപയോഗിച്ച് ടൈഗർ ഹിൽ അടക്കമുള്ള തന്ത്രപ്രധാന മേഖലകളിൽ നിന്ന് പാക് സൈന്യത്തെ തുരത്തി കാർഗിൽ വിജയത്തിലേക്ക് ഇന്ത്യയെ നയിച്ച വഴിത്തിരിവുണ്ടാക്കുന്നു. ഉയർന്ന യുദ്ധമേഖലകളിൽ റഷ്യൻ വിമാനങ്ങളുടെ പരിമിതിയും മിറാഷിന്റെ മികവും വെളിവാക്കിയ യുദ്ധമായിരുന്നു കാർഗിലിലേത്. തുടർന്ന് ഇന്ത്യ ഇന്ത്യൻ ആവനാഴിയിലെ ഏറ്റവും മൂല്യമേറിയ വിമാനങ്ങളായി മിറാഷുകൾ കണക്കാക്കപ്പെട്ടു.

പിന്നീട് സുഖോയ് 30 എന്ന കൂടുതൽ ശേഷിയുള്ള യുദ്ധവിമാനങ്ങൾ വൻ തോതിൽ ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങിയെങ്കിലും 2019 ലെ ബാലാക്കോട്ട് ആക്രമണത്തിനും രാജ്യം പ്രയോജനപ്പെടുത്തിയത് മിറാഷുകളെ ആയിരുന്നു. അന്ന് ഗ്വാളിയർ വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്ന മിറാഷുകൾ പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ ബോംബുകൾ വർഷിച്ച് ഒരു പോറൽ പോലുമേൽക്കാതെ തിരിച്ചെത്തി. മിറാഷുകൾ ഇന്ത്യയുടെ തുറുപ്പ് ചീട്ടാണ് എന്നു തെളിയിച്ച മറ്റൊരു ഓപ്പറേഷനായിരുന്നു അത്.

നഷ്ടമായ അവസരങ്ങൾ
എന്നാൽ കൂടുതൽ മിറാഷുകൾ സ്വന്തമാക്കാനുള്ള അവസരം ഇതിനിടയിൽ ഇന്ത്യ നഷ്ടപ്പെടുത്തിയിരുന്നു.എൺപതുകളിൽ പാകിസ്ഥാന് അമേരിക്ക എഫ് 16 വിമാനങ്ങൾ നൽകിയതിനെ തുടർന്ന് ആ വിമാനങ്ങൾക്ക് ബദലായി ആണ് ഫ്രാൻസിൽ നിന്ന് 150 മിറാഷുകൾ വാങ്ങാൻ ഇന്ത്യ ആദ്യം തീരുമാനിക്കുന്നത്. എന്നാൽ ശീതയുദ്ധം നിലനിന്നിരുന്ന അക്കാലത്ത് അടുത്ത സുഹൃദ് രാജ്യമായിരുന്ന സോവിയറ്റ് യൂണിയനെ പിണക്കാതിരിക്കാൻ മിറാഷുകളുടെ എണ്ണം ഇന്ത്യ പിന്നീട് 50 ആയി പരിമിതപ്പെടുത്തുകയായിരുന്നു. മിഗ് 29 വിമാനങ്ങൾ വാങ്ങിയാണ് ഇന്ത്യ പിന്നീട് എണ്ണം തികച്ചത്. ഇതിനിടെ 2007-08 ഓടെ മിറാഷിന്റെ ഉൽപാദനം ഫ്രാൻസ് നിർത്തി. ഇന്ത്യ കൂടുതൽ വിമാനങ്ങൾ വാങ്ങും എന്ന പ്രതീക്ഷയിലായിരുന്നു അത്രയും നാൾ മിറാഷ് അസംബ്ലി ലൈൻ ഫ്രാൻസ് നിലനിർത്തിയിരുന്നത്. 
പിന്നീട് ഫ്രഞ്ച് സേനയിൽ നിന്നും മിറാഷുകൾ ഘട്ടം ഘട്ടമായി പൂർണമായും ഒഴിവാക്കപ്പെട്ടു. പെട്ടുപോയത് ഇന്ത്യയായിരുന്നു. തങ്ങളുടെ കയ്യിലുള്ള മിറാഷുകൾക്ക് ആവശ്യമായ സ്‌പെയർപാർട്ടുകളും സർവീസും കരാറനുസരിച്ചുള്ള കാലാവധിക്ക് ശേഷം കിട്ടാതെ വരുന്ന സാഹചര്യമുണ്ടായി. ഇതേത്തുടർന്നാണ് ഫ്രാൻസിന്റെ പക്കൽ നിന്നും സെക്കൻഡ് ഹാൻഡ് മിറാഷുകൾ വാങ്ങാൻ ഇന്ത്യ തീരുമാനിക്കുന്നത്. പ്രധാനമായും സ്‌പെയർപാർട്ടുകൾക്കായാണ് ഇന്ത്യ ഈ വിമാനങ്ങൾ നിസാരവിലയ്ക്ക് വാങ്ങുന്നത്.അല്ലാതെ പുതിയ സ്‌ക്വാഡ്രണുകൾ രൂപീകരിക്കാനല്ല എന്നാണ് എയർഫോഴ്‌സ് വൃത്തങ്ങൾ നൽകുന്ന സൂചന.

എന്തുതന്നെയായാലും ഇപ്പോൾ വാങ്ങുന്ന 24 വിമാനങ്ങളിൽ പകുതിയോളം പറക്കാൻ അനുയോജ്യമായ അവസ്ഥയിൽ തന്നെ ഉള്ളവയാണ്. അടുത്ത രണ്ടുവർഷം കൊണ്ട് കാലപ്പഴക്കം ചെന്ന കൂടുതൽ മിഗ് 21 സ്‌ക്വഡ്രണുകൾ ഇന്ത്യ പിൻവലിക്കാനിരിക്കെ വ്യോമസേനയ്ക്ക് ആശ്വാസമാവുകയാണ് തുച്ഛവിലയ്ക്ക് കിട്ടിയ ഈ വിമാനങ്ങൾ. മിറാഷിന്റെ അടുത്ത തലമുറ വിമാനമായ റാഫാലും ഇപ്പോൾ ഇന്ത്യയുടെ പക്കലുണ്ട്. എന്നാൽ എണ്ണം വളരെ പരിമിതമാണ്. 36 എണ്ണം മാത്രം. എന്തുകൊണ്ട് കൂടുതൽ റഫാൽ വാങ്ങിക്കൂടാ എന്നാണ് ചോദ്യമെങ്കിൽ ഒരു റഫാലിന്റെ വില 1700  കോടി രൂപയോളം വരും എന്നാണ് കണ്ണുതള്ളിക്കുന്ന ഉത്തരം. കൂടുതൽ റഫാൽ ഫൈറ്ററുകൾ വാങ്ങി കുത്തുപാളയെടുക്കുന്നതിലും എത്രയോ ഭേദമാണ് കഷ്ടിച്ച് 250 കോടി മാത്രം മുടക്കി പഴയതെങ്കിലും 24 മിറാഷുകൾ സ്വന്തമാക്കുന്നതെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

English Summary : why india is buying phased-out mirage fighters from france?Related News

Other News


Trending

View all

LATEST STORIES FROM Kerala Voter