ACS Technology

News

സ്ത്രീകൾ പ്രസവിക്കാനുളളവർ, മന്ത്രിയാക്കില്ല; താലിബാൻ 

Latest

അഫ്ഗാനിസ്ഥാൻ പൂർണമായും താലിബാൻ പിടിച്ചെടുത്തത് മുതൽ സ്ത്രീ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന സംഭവങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം വനിതാ പ്രാതിനിധ്യമില്ലാത്ത മന്ത്രിസഭയും താലിബാൻ രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെ സ്ത്രീകൾക്കെതിരെ വിവാദ പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് താലിബാൻ വക്താവ് സയദ് സക്കീറുള്ള ഹാഷ്മി. മന്ത്രിമാരാകാൻ സ്ത്രീകളുടെ ആവശ്യമില്ലെന്നും അവർ പ്രസവിക്കാനുള്ളവരാണെന്നുമായിരുന്നു താലിബാൻ വക്താവിന്റെ പ്രതികരണം. താലിബാൻ ഭരണത്തിനെതിരെ അഫ്ഗാനിൽ നിന്ന് സ്ത്രീകളടക്കമുള്ളവരുടെ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ് താലിബാൻ വക്താവിന്റെ വിവാദപ്രതികരണം. 

താലിബാൻ മന്ത്രിസഭയിൽ വനിതാ പ്രാതിനിധ്യമില്ലെന്നതിനെ സംബന്ധിച്ച ചോദ്യത്തിനായിരുന്നു സയദ് സക്കീറുള്ള ഹാഷ്മിയുടെ പ്രതികരണം. ടോളോ ന്യൂസിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താലിബാൻ വക്താവ്. സ്ത്രീകളെ എന്തുകൊണ്ട് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ല എന്ന ചോദ്യത്തിന് സ്ത്രീകളെക്കൊണ്ട് എന്താണ് സാധിക്കുന്നത്? എന്നായിരുന്നു താലിബാൻ വക്താവിന്റെ മറുചോദ്യം. 'ഒരു സ്ത്രീക്ക് ഒരിക്കലും മന്ത്രിയാകാൻ സാധിക്കില്ല. കാരണം അവരുടെ കഴുത്തിലൊരു ഭാരം ചുമത്തുന്നതു പോലെയാണ് അത്. അവർക്ക് അത് താങ്ങാൻ സാധിക്കില്ല. അതുകൊണ്ടു തന്നെ മന്ത്രിസഭയിൽ സ്ത്രീകൾ ആവശ്യമില്ല. ഗർഭം ധരിക്കാനും കുഞ്ഞിനുജന്മം നൽകുന്നതിനും മാത്രമാണ് സ്ത്രീകൾ. പ്രതിഷേധം നടത്തുന്നവർ യഥാർഥ അഫ്ഗാൻ വനിതകളുടെ പ്രതിനിധികളല്ലെന്നും താലിബാൻ വക്താവ് വ്യക്തമാക്കി. 

സമൂഹത്തിൽ പകുതിയിലധികവും സ്ത്രീകളാണെന്ന് അഭിമുഖം നടത്തുന്ന വ്യക്തി അഭിപ്രായപ്പെട്ടപ്പോൾ സക്കീറുള്ള ഹാഷ്മിയുടെ മറുപടി ഇങ്ങനെ; 'ഞങ്ങൾ അവരെ പകുതിയായി കണക്കാക്കിയിട്ടില്ല. ഏത് അർഥത്തിലാണ് പാതി എന്നു പറയുന്നത്? പാതി എന്നതിനെ പലരും വളച്ചൊടിക്കുകയാണ്. മന്ത്രിസഭയിൽ പാതി എന്നതു മാത്രമാണോ 'പാതി' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? അതിനപ്പുറം ഒന്നും ഇല്ല. അവരുടെ അവകാശങ്ങൾ ലംഘിക്കുന്നു എന്ന് നിങ്ങൾ പറയുന്നു. 20 വർഷമായി മാധ്യമങ്ങൾ എന്താണു പറഞ്ഞത്? യുഎസിനെയും അവർ നിയന്ത്രിക്കുന്ന അഫ്ഗാനിസ്ഥാനിലെ പാവ സർക്കാരിനെയും വിമർശിച്ചിരുന്നില്ലേ? എന്നാൽ അവർ എന്തു പറഞ്ഞാലും, ഓഫിസിൽ വേശ്യാവൃത്തി അനുവദിച്ചിരുന്നോ?- സയദ് സക്കീറുള്ള ഹാഷ്മി ചോദിക്കുന്നു. ജോലിചെയ്യുന്ന എല്ലാ സ്ത്രീകളും വേശ്യകളാണെന്ന താങ്കളുടെ പരാമർശം ശരിയല്ലെന്ന് അഭിമുഖം നടത്തിയ മാധ്യമപ്രവർത്തകൻ ചൂണ്ടി കാണിച്ചപ്പോൾ, ഈ പരാമർശത്തിലൂടെ അർഥമാക്കിയത് അഫ്ഗാനിസ്ഥാനിലെ മുഴുവൻ സ്ത്രീകളെയും അല്ലെന്നായിരുന്നു താലിബാൻ വക്താവിന്റെ മറുപടി. 'നാല് സ്ത്രീകൾ തെരുവിൽ പ്രതിഷേധിച്ചെന്നു കരുതി അവർ മുഴുവൻ അഫ്ഗാൻ സ്ത്രീകളുടെയും പ്രതിനിധികളല്ല. അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ രാജ്യത്തിനായി ഭാവി തലമുറയ്ക്ക് ജന്മം നൽകാനുള്ളവരാണ്. ഇസ്ലാമിക ധാർമിക മൂല്യങ്ങൾക്ക് അനുസരിച്ചുള്ള വിദ്യാഭ്യാസം അവർക്കു നൽകും.'- താലിബാൻ വക്താവ് വ്യക്തമാക്കി. 

English Summary : Woman Can't Be A Minister... They Should Give Birth: Taliban



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter