ഉപതെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ തർക്കം: ഡൊമനിക് പ്രസൻറേഷനെതിരെ വ്യാപക വിമർശനം

  1. Home
  2. Politics

ഉപതെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ തർക്കം: ഡൊമനിക് പ്രസൻറേഷനെതിരെ വ്യാപക വിമർശനം

ഉപതെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ തർക്കം: ഡൊമനിക് പ്രസൻറേഷനെതിരെ വ്യാപക വിമർശനം


Politics

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തിനുപിന്നാലെ  യു.ഡി.എഫ് എറണാകുളം ജില്ല ചെയർമാൻ ഡൊമനിക് പ്രസൻറേഷനെതിരെ വ്യാപക വിമർശനം. കെ.പി.സി.സി നേതൃത്വത്തിന് കൂടുതൽ പരാതികൾ നൽകാനൊരുങ്ങി ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരിക്കുകയാണ്. പ്രചാരണ ഘട്ടത്തിലുടനീളം ഡൊമനിക് പ്രസൻറേഷൻ നടത്തിയ പ്രസ്താവനകൾ ഗൂഢ ലക്ഷ്യത്തോടെയുള്ളതും ദുരൂഹമായ നീക്കങ്ങളുമായിരുന്നുവെന്നാണ് വിർമശകരുടെ ആരോപണം. . 

യു.ഡി.എഫ് ജില്ല കൺവീനർ സ്ഥാനത്തുനിന്ന് ഡൊമനിക് പ്രസൻറേഷനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ് കെ.പി.സി.സി. പ്രസിഡന്റിന് കത്തയച്ചിരിക്കയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ യു.ഡി.എഫ് ജില്ല ചെയർമാനായ ഡൊമനിക് പ്രസന്റേഷൻ സ്ഥാനാർഥിയാകാൻ മോഹം പ്രകടിപ്പിച്ചിരുന്നുവെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്. ആഗ്രഹം നടക്കാതെ വന്നപ്പോൾ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന രീതിയിൽ പ്രവർത്തിച്ചുവെന്നാണ് ആക്ഷേപം. 

വിജയിച്ചാലും ഉയർന്ന ഭൂരിപക്ഷത്തിന് ജയിക്കരുതെന്ന ചിന്തയിലായിരുന്നു യു.ഡി.എഫ് ചെയർമാന്റെ പ്രവർത്തനമെന്നും വിമർശനമുണ്ട്. ഇടത് സ്ഥാനാർഥി ജോ ജോസഫ് സഭയുടെ സ്ഥാർഥിയാണെന്നുള്ള പ്രചാരണങ്ങളെ എതിർത്ത് ഡൊമനിക് പ്രസന്റേഷൻ രംഗത്തെത്തിയതുൾപ്പെടെയുള്ള പ്രസ്താവനകളാണ് വിമർശനത്തിനിടയാക്കുന്നത്.

വരും ദിവസങ്ങളിൽ കൂടുതൽ പേർ പ്രതികരണവുമായി രംഗത്തെത്തിയേക്കും. പ്രചാരണ പരിപാടികളിൽ സജീവമായി പങ്കെടുക്കാതെ ഡൊമനിക് പ്രസൻറേഷൻ വിട്ടു നിന്നുവെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊച്ചി മണ്ഡലത്തിലും ഡൊമനിക് പ്രസൻറേഷൻ യു.ഡി.എഫിന് വിരുദ്ധമായി പ്രവർത്തിച്ചുവെന്നും ചിലർ കുറ്റപ്പെടുത്തുന്നു. 
 

English Summary : congress dispute after the thrikkakkara by election