ACS Technology

News

എൽഡിഎഫ് എന്നാൽ കമ്യൂണിസ്റ്റു പാർട്ടികളുടെ മുന്നണിയായി തെറ്റിദ്ധരിപ്പിക്കപ്പെടുന്നത് നല്ല ചിത്രമല്ല, സിൽവർലൈൻ സൂക്ഷിച്ച് മതി; മാത്യു ടി.തോമസ്

Politics

കോൺഗ്രസിന്റെ നയങ്ങളെയും ബിജെപിയുടെ വർഗീയ ഫാഷിസത്തെയും എതിർക്കുന്ന എല്ലാവർക്കും കമ്യൂണിസ്റ്റുകളാകാൻ കഴിയില്ല. അപ്പോൾ കമ്യൂണിസ്റ്റുകൾ ആകാൻ ആഗ്രഹിക്കാത്ത കോൺഗ്രസ് ഇതര, ബിജെപി വിരുദ്ധ ചേരിയിൽ പെട്ടവർക്ക് പ്രവർത്തിക്കാനുള്ള ഇടമാണ് ഞങ്ങൾ ഒരുക്കുന്നതെന്ന് പറയുകയാണ് ജനതാദളിന്റെ സംസ്ഥാന പ്രസിഡന്റായ മാത്യു ടി.തോമസ് എംഎൽഎ. എൽഡിഎഫ് ഘടകകക്ഷികളായ ജനതാദളും(എസ്) ലോക്താന്ത്രിക് ജനതാദളും (എൽജെഡി) വീണ്ടും ഒറ്റ പാർട്ടി ആകുകയാണ്. 
ലയനത്തെയും എൽഡിഎഫിന്റെ രാഷ്ട്രീയത്തെയും കുറിച്ച് മലയാള മനോരമ സീനിയർ സ്‌പെഷൽ കറസ്‌പോണ്ടന്റ് സുജിത് നായരോട് 'ക്രോസ് ഫയറി'ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഒരു കുടുംബത്തിലെ അംഗങ്ങളായിരുന്നു ഞങ്ങൾ. ഒരു പ്രത്യേക സാഹചര്യത്തിൽ വഴിതിരിഞ്ഞു പോയതാണ്. ആരു വലുത്, ആരു ചെറുത് എന്ന ചർച്ച വേണ്ടെന്നാണ് തീരുമാനം. പിളർപ്പിന്റെ നേട്ടങ്ങളും കോട്ടങ്ങളും ഇനി ചർച്ച ചെയ്യാനുമില്ല. അതു പഴയ അധ്യായം. ആരും തഴയപ്പെടരുത് എന്ന നിശ്ചയത്തിന്റെ അടിസ്ഥാനത്തിൽ തുല്യമായ പ്രാധാന്യം നൽകാനാണ് തീരുമാനം. എല്ലാ പദവികളും തുല്യമായി പങ്കിടും.' മാത്യു ടി.തോമസ് പറയുന്നു.

രണ്ടു ദളുകളും ലയിക്കണമെന്ന സിപിഎം നിർദേശമല്ലേ ലയനം ത്വരിതപ്പെടുത്തിയത് എന്ന ചോദ്യത്തിന്,  '2020 സെപ്റ്റംബറിലാണ് ഞാൻ രണ്ടാമതും ദളിന്റെ സംസ്ഥാന അധ്യക്ഷനാകുന്നത്. പാർട്ടി അധ്യക്ഷനായ എനിക്ക് ലയനം സംബന്ധിച്ച ഒരു നിർദേശവും സിപിഎം ഇതുവരെ നൽകിയിട്ടില്ല. നടപ്പാകുന്നത് കേരളത്തിലെ സോഷ്യലിസ്റ്റുകളുടെ ആഗ്രഹമാണ്. മുന്നണിക്കു നേതൃത്വം കൊടുക്കുന്ന പാർട്ടി എന്ന നിലയിൽ രണ്ടു കക്ഷികൾ ലയിച്ചു കാണണമെന്ന് സിപിഎമ്മിന് ആഗ്രഹം ഉണ്ടായിട്ടുണ്ടാകാം. നേതാക്കൾ ആ താൽപര്യം പറഞ്ഞിട്ടുണ്ടാകാം. അതിനപ്പുറം ഒരു പാർട്ടി മറ്റൊരു പാർട്ടിയിൽ പോയി ലയിക്കണമെന്ന് വേറോരു പാർട്ടിക്കു നിർദേശിക്കാൻ സാധിക്കില്ലല്ലോ.' എന്നായിരുന്നു മറുപടി. 

ദേവെഗൗഡയും വീരേന്ദ്രകുമാറും തമ്മിലെ ചർച്ചയിൽ തന്നെ ലയന ശേഷവും പാർട്ടിയെ നയിക്കുന്നത് ജനതാദൾ(എസ്) പ്രസിഡന്റായിരിക്കുമെന്ന ധാരണ രൂപപ്പെട്ടിരുന്നുന്നെന്നും സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ചുള്ള സംശയങ്ങളിൽ അദ്ദേഹം വ്യക്തമാക്കി

നേരത്തേ ഒരു ലോക്‌സഭാ സീറ്റ് ജനതാദളിന്(എസ്) ഉണ്ടായിരുന്നു. പിളർന്ന സാഹചര്യത്തിലാണ് കഴിഞ്ഞ തവണ നഷ്ടപ്പട്ടത്. ലയനം പൂർത്തിയാക്കുന്ന സാഹചര്യത്തിൽ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ദളിന് ഒരു സീറ്റിന് അർഹതയില്ലേ എന്നതിന്

'പിളർന്നതിനു ശേഷം 2014ൽ കോട്ടയത്ത് ഞാൻ തന്നെ സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്.എന്നാൽ 2019ൽ സീറ്റ് ലഭിച്ചില്ല. സ്ഥാനമാനങ്ങൾ വിലപേശിയെടുക്കാൻ വേണ്ടിയല്ല ഞങ്ങളുടെ യോജിപ്പ്. അതേ സമയം ജനപിന്തുണ വർധിക്കുമ്പോൾ കൂടുതൽ പ്രാധാന്യവും അവസരങ്ങളും പാർട്ടിക്ക് ലഭിക്കുകയും ചെയ്യും. അതിനിടയിൽ മനസ്സിലാക്കേണ്ട ഒരു കാര്യവുമുണ്ട്. 2019 ലാണ് കനത്ത തോൽവി എൽഡിഎഫിന് സംഭവിച്ചത്. എൽഡിഎഫ് എന്നു പറഞ്ഞാൽ കമ്യൂണിസ്റ്റു പാർട്ടികളുടെ മുന്നണിയായി തെറ്റിദ്ധരിപ്പിക്കപ്പെടുന്നത് ജനങ്ങൾക്കു മുന്നിൽ നല്ല ചിത്രമല്ല വരച്ചു കാട്ടുന്നത്. കമ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം തന്നെ പ്രാധാന്യം ദളും എൻസിപിയും അടക്കമുള്ള ജനാധിപത്യ കക്ഷികൾക്കും നൽകണം. ജനാധിപത്യ പാർട്ടികൾ കൂടി ചേരുമ്പോഴാണ് ഇടതു മുന്നണി ഇടതുപക്ഷ ജനാധിപത്യമുന്നണിയാകുന്നത്. ജനാധിപത്യ പാർട്ടികളുടെ പ്രാധാന്യം ചെറുതല്ല. അവരും കൂടി ഉണ്ടെങ്കിലേ മുന്നണി മുന്നണിയാകൂ. അങ്ങനെ അല്ലാതെ ചിലപ്പോൾ സംഭവിച്ചത് എൽഡിഎഫിന് ഗുണകരമായിട്ടില്ല.' എന്നായിരുന്നു ഉത്തരം. എൽഡിഎഫിന്റെ ദൈനംദിന കാര്യങ്ങളിൽ ജനാധിപത്യകക്ഷികൾക്ക് കൂടി ഇടപെടാൻ കഴിയുന്ന ഒരു സാഹചര്യം ഉണ്ടാകണം. അതാണ് മുന്നണിയുടെ വളർച്ചയ്ക്കു നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിൽവർലൈൻ പദ്ധതിയെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.

'സിൽവർലൈനിന്റെ കാര്യത്തിൽ എൽഡിഎഫ് നിലപാടിന് ഒപ്പമാണ് പാർട്ടി. എന്നാൽ കേന്ദ്രാനുമതി ഇല്ലാതെ പദ്ധതിയുമായി മുന്നോട്ടു പോകാൻ കഴിയില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞു. പദ്ധതിയെ സംബന്ധിച്ച് കാര്യമായ തെറ്റിദ്ധാരണകൾ ജനങ്ങൾക്ക് ഇടയിലുണ്ട്. അതുകൊണ്ട് എൽഡിഎഫിനെ പരമ്പരാഗതമായി പിന്തുണച്ചിരുന്ന ആളുകളുടെ പിന്തുണ നഷ്ടപ്പെടാതിരിക്കാൻ കൃത്യമായ ശ്രദ്ധ ഉണ്ടാകണം. അവരെ വിശ്വാസത്തിലെടുക്കണം. ഇക്കാര്യം ഉത്തരവാദപ്പെട്ട ഒരു വേദിയിൽ ഞാൻ പറഞ്ഞിരുന്നു. എൽഡിഎഫിന്റെ ഘടകകക്ഷി ആയിരിക്കുമ്പോൾ ആ പദ്ധതിയെ പിന്തുണയ്ക്കുന്ന നയം തന്നെയാണ് ഞങ്ങൾക്കും. 

ഇടതുപക്ഷത്തെ പരമ്പരാഗതമായി സഹായിക്കുന്ന ആളുകളുടെ ഇടയിൽ ഇതിന്റെ പേരിൽ വിശ്വാസക്കുറവ് ഉണ്ടാകൻ പാടില്ല. ആ നിലയിൽ അതു കൈകാര്യം ചെയ്യണം. ലോകം മുഴുവൻ വികസനപാതയിൽ കുതിക്കുമ്പോൾ നമുക്ക് പിന്തളളപ്പെട്ടു തുടരാനും കഴിയില്ല.' മാത്യു ടി.തോമസ് പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും കൂടുംബത്തിനും എതിരെ ഉയരുന്നത് തീരെ വില കുറഞ്ഞ ആരോപണങ്ങളാണെന്നും അദ്ദേഹം പറയുന്നു. താൻ അറിയുന്ന പിണറായി വിജയൻ ഒരു തരത്തിലും ഉള്ള സ്ഥാപിത താൽപര്യങ്ങൾക്കു വിധേയനാകാറില്ല. പിണറായിയെ കുറേ നാളായി ആക്രമിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇടതുപക്ഷത്തെയും ആക്രമിക്കുന്നതിനായി മുഖ്യമന്ത്രിയെ ഉന്നം വയ്ക്കുകയാണ് ചെയ്യുന്നതെന്നും മാത്യു ടി.തോമസ് കൂട്ടിച്ചേർത്തു.

English Summary : jd s state president and mla mathew t thomas ljd merge in jds and ldfRelated News

Other News


Trending

View all

LATEST STORIES FROM Kerala Voter