നൃത്തത്തിനൊപ്പം ചിത്രരചനയും; റോക്കോർഡുകൾ സ്വന്തമാക്കി ലീജ

  1. Home
  2. Art & Culture

നൃത്തത്തിനൊപ്പം ചിത്രരചനയും; റോക്കോർഡുകൾ സ്വന്തമാക്കി ലീജ

നൃത്തത്തിനൊപ്പം ചിത്രരചനയും; റോക്കോർഡുകൾ സ്വന്തമാക്കി ലീജ


Entertainment

വരനടനത്തിലൂടെ ശ്രദ്ധനേടുകയാണ് പയ്യന്നൂരിലെ യുവ കലാകാരി ലീജ ദിനൂപ്. നൃത്തം ചെയ്തുകൊണ്ടു ചിത്രരചന നടത്തി ലിംക ബുക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ലീജ നേരത്തെ ഇന്ത്യ ബുക്ക് ഓഫ് റെക്കാർഡ്സിലും ഇടംപിടിച്ചിരുന്നു. ചിത്ര രചനയുടെയും നൃത്തത്തിൻറെയും മനോഹരമായ സങ്കലനവും സമന്വയവുമാണ് വരനടനം. നൃത്തം ചെയ്തുകൊണ്ട് ചിത്രം വരക്കുന്ന ലീജയുടെ വേറിട്ട കലാപ്രകടനത്തിന് നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പരിപാടികളിൽ ഉൾപ്പെടെ അമ്പതിലേറെ വേദികളിൽ ലീജ വരനടനം അവതരിപ്പിച്ചു.

അരങ്ങിൽ ഭരതനാട്യ ചുവടുകൾ താളം പിഴയ്ക്കാതെ തുടരുമ്പോൾ തന്നെ അരികിൽ ഉറപ്പിച്ച കാൻവാസിൽ ലീജ ചിത്രവും വരയ്ക്കും. ഇങ്ങനെ നിറങ്ങളുടെയും നൃത്തത്തിന്റെയും സാധ്യതകൾ സമന്വയിപ്പിച്ച് കാഴ്ചയുടെ പുതിയ ലോകം തീർക്കുകയാണ് ലീജ. കീർത്തനങ്ങൾ, കവിതകൾ, ഉപകരണസംഗീതം എന്നിവയുടെ പശ്ചാത്തലത്തിലാണ് ലീജ അരങ്ങിലാടുന്നത്. 

വാട്ടർ കളറോ അക്രലിക്കോ ആണ് ചിത്രരചനയുടെ മാധ്യമം. അടുത്ത കാലത്തായി പോർട്രെയ്റ്റുകളും നൃത്തത്തോടൊപ്പം ലിജ വരയ്ക്കാറുണ്ട്. ഒന്നിനെ കൈയ്യൊഴിഞ്ഞ് മറ്റൊന്നിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ തോന്നാത്തതു കൊണ്ടാണ് രണ്ടു കലാരൂപങ്ങളും ഒരേ പോലെ സമന്വയിപ്പിച്ചു കൊണ്ടു പോകുന്ന വരനടനത്തെ കുറിച്ചു ആലോചിച്ചത്. ഒടുവിൽ ശാസ്ത്രീയമായി അഭ്യസിച്ച രണ്ടു കലാരൂപങ്ങളും ഒരു ചരടിൽ കോർത്തതു പോലെ അവതരിപ്പിക്കാൻ വഴി തെളിയുകയായിരുന്നു. 

നൃത്തവേദികളിലെ അപൂർവ്വ പ്രകടനത്തിന് അംഗീകാരമായി കേരള സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് നൽകി ലിജയെ ആദരിച്ചിട്ടുണ്ട്. കണ്ടോത്ത് മുക്കിലെ കലാത്മിക ലളിത കലാ ഗൃഹത്തിൽ നിരവധി കുട്ടികളെ ലീജ ചിത്ര രചനയും നൃത്തവും പഠിപ്പിക്കുന്നുണ്ട് 

English Summary : leeja dinoop combines painting and dance varanadanam